പർവതമുകളിൽ വഴിതെറ്റി വിദേശ സഞ്ചാരികൾ; പറന്നെത്തി റാസൽഖൈമ പൊലീസ്

എമിറേറ്റിലെ ഒരു പർവതത്തിൽ ട്രക്കിങ്ങിനു വന്ന മൂന്നു യൂറോപ്യൻ സഞ്ചാരികൾക്ക് രക്ഷകരായി റാസൽഖൈമ പൊലീസിന്റെ വ്യോമവിഭാഗം. ട്രക്കിങ്ങിന് എത്തിയ സംഘത്തിന് തിരിച്ച് വരുമ്പോൾ വഴി തെറ്റുകയും ഇവർ പൊലീസിന്റെ സഹായം അഭ്യർഥിക്കുകയുമായിരുന്നുവെന്ന് പൊലീസിലെ വ്യോമ വിഭാഗം തലവൻ ഗ്രൂപ്പ് ക്യാപ്റ്റൻ സയീദ് റഷിദ് അൽ യമഹി പറഞ്ഞു. 

വഴിതെറ്റിയ സംഘത്തെ ഏതാണ്ട് 4000 അടി ഉയരത്തിലാണ് കണ്ടെത്താൻ സാധിച്ചതെന്ന് സയീദ് റഷിദ് അൽ യമഹി അറിയിച്ചു. മെഡിക്കൽ സംഘം അടങ്ങിയ ഹെലികോപ്റ്റർ ഉടൻ തന്നെ സ്ഥലത്തേക്ക് തിരിച്ചു. മൂവരെയും രക്ഷിക്കുകയും പ്രാഥമിക ചികിൽസ നൽകിയശേഷം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ട്രക്കിങ്ങിനായി എത്തുന്നവർ ബന്ധപ്പെട്ട അധികാരികളെ അവരുടെ പരിപാടിയെ കുറിച്ച് അറിയിക്കണം. സംഘത്തിൽ എത്രപേരുണ്ട്, എവിടെയാണ് പോകാൻ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. പ്രാദേശിക സ്ഥലങ്ങളിലാണ് ട്രക്കിങ്ങിന് പോകുന്നതെങ്കിൽ ആ ദിവസങ്ങളിൽ അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വെബ്സൈറ്റ് വഴി പരിശോധിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

ട്രക്കിങ്ങിനു പോകുന്നവർ സാറ്റ്‍ലൈറ്റ് ഫോണോ മൊബൈൽ ഫോണോ കയ്യിൽ കരുതണം. ഇല്ലെങ്കിൽ ഒരു വിസ്സിൽ എങ്കിലും കയ്യിൽ കരുതണം. അത്യാവശ്യ സമയങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ ഇത് സഹായിക്കുമെന്നും സയീദ് റഷിദ് അൽ യമഹി വ്യക്തമാക്കി.