ഖഷോഗിയുടെ കൊലപാതകക്കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യം

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സൌദി പബ്ളിക് പ്രോസിക്യൂട്ടർ. കൊലപാതകത്തിനു മൂന്നു ദിവസം മുൻപാണ് പ്രതികൾ കൃത്യം ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യുട്ടർ സൌദ് അൽ മുജീബ് റിയാദിൽ പറഞ്ഞു.

ഖഷോഗിയുടെ കൊലപാതകത്തിൽ സൌദി ഭരണകൂടത്തിനെതിരെ വിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് പരമാവധിശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി പബ്ളിക് പ്രോസിക്യൂട്ടർ രംഗത്തെത്തിയത്. വിചാരണ നേരിടുന്ന പതിനൊന്നു പ്രതികളിൽ അഞ്ചു പേർക്ക് വധശിക്ഷ നൽകണമെന്ന് സൌദ് അൽ മുജീബ് പറഞ്ഞു. 

ഒക്ടോബർ രണ്ടിനാണ് തുർക്കി ഇസ്താംബുളിലെ സൌദി കോൺസുലേറ്റിൽ വച്ച് ഖഷോഗി കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സൌദി ഭരണകൂടത്തിന് യാതൊരു പങ്കുമില്ലെന്ന് പ്രോസിക്യുട്ടർ ആവർത്തിച്ചു. സൌദി മുൻ ഇൻറലിജൻസ് ഡെപ്യൂട്ടി മേധാവി അഹ്മദ് അൽ അസിരിയുൾപ്പെടെ ഇരുപത്തിയൊന്നു പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, പ്രതികളെ തുർക്കിയിൽ വിചാരണ ചെയ്യണമെന്ന പ്രസിഡൻറ് തയീപ് എർദോഗൻറെ ആവശ്യം നിലനിൽക്കെയാണ് സൌദിയിൽ തന്നെ വിചാരണ നടത്തുന്നത്. അതേസമയം, ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.