കുവൈത്തിലെ സർക്കാർ ആശുപത്രികള്‍ വിദേശികൾക്കുള്ള ചികിത്സ 3 വർഷത്തിനകം നിർത്തലാക്കും

കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ചികിത്സ മൂന്ന് വർഷത്തിനകം നിർത്തലാക്കും. വിദേശികൾക്കായുള്ള പ്രത്യേക  ആശുപത്രികളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിൽ സ്വദേശിവൽക്കരണം തുടരുന്നതിനിടെയാണ് വിദേശികൾക്ക് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രികൾ നിർമിക്കുന്നത്. സർക്കാർ ആശുപത്രികളിൽ എത്തുന്ന വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കാനും തിരക്കൊഴിവാക്കി സ്വദേശികൾക്ക് സൌകര്യങ്ങൾ വർധിപ്പിക്കാനും വേണ്ടിയാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദേശികൾക്കും സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുന്നതിനു അസൌകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. 

അതേസമയം, വിദേശികളിൽ ചില വിഭാഗങ്ങളിലുള്ളവർക്ക് അനുവദിച്ചിട്ടുള്ള ഇളവ് ഒഴിവാക്കണമെന്ന  പാർലമെൻ‌ററി കമ്മിറ്റി നിർദേശം അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾ, മറ്റു ജിസിസി രാജ്യങ്ങളിലെ പൌരന്മാർ, സ്വദേശി ഭാര്യമാരിൽ വിദേശികളുടെ മക്കൾ എന്നിവർക്കാണ് നിലവിൽ ചികിത്സ ചിലവിൽ ഇളവു അനുവദിച്ചിട്ടുള്ളത്. എന്നാൽ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർ ഉൾപ്പെടെ ഒട്ടേറെ പേർക്കും ഇളവ് നൽകിയിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്ന പാർലമെൻ‌റ് സമിതി നിർദേശവും അധികൃതരുടെ പരിഗണനയിലുണ്ട്.