തക്കാളിത്തോട്ടത്തിൽ ജോലി; ഇപ്പോൾ സംവിധായകൻ; പ്രവാസി മലയാളിയുടെ ജീവിതം

ഗൾഫിലെ ഇൗന്തപ്പനത്തോട്ടങ്ങളിലും സ്വദേശി വീടുകളിലും ഒറ്റപ്പെട്ടു കഴിയുന്ന നൂറുകണക്കിന് ഇന്ത്യക്കാരുടെ പ്രതീകമായിരുന്നു നോവലിസ്റ്റും ഹ്രസ്വചിത്ര സംവിധായകനുമായ റഷീദ് പാറയ്ക്കൽ. 20 വർഷം മുൻപ് അൽഐനിലെ സ്വയ്ഹാൻ എന്ന ഗ്രാമത്തിലെ തക്കാളിത്തോട്ടത്തിലായിരുന്നു അദ്ദേഹം മൂന്നു വർഷം ജോലി ചെയ്തത്. അമ്മാവന്റെ മകൻ നൽകിയ വീസയില്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷയുമായി വിമാനം കയറുമ്പോൾ സ്വയ്ഹാനിലെ തക്കാളിത്തോട്ടത്തിലായിരിക്കും ജോലിയെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അന്ന് ഒട്ടേറെ ദുരിതങ്ങളനുഭവിച്ചായിരുന്നു കഴിഞ്ഞത്.

എന്നാൽ, അതെല്ലാം നന്മ നിറ‍ഞ്ഞ ഭാവിയിലേയ്ക്കുള്ള ചവിട്ടുപടികളായായി കണ്ടു. ആ അനുഭവങ്ങൾ പിന്നീട് നോവലാക്കി–തക്കാളിക്കൃഷിക്കാരന്‍റെ സ്വപ്നങ്ങൾ. മലയാളികൾ ഏറ്റുവാങ്ങിയ അപൂർവം പ്രവാസ നോവലുകളിലൊന്ന്. ആ രചനയാണ് ചില മാറ്റങ്ങളോടെ സിനിമയാകുന്നത്. 'സ്വയ്ഹാനിലെ പൂച്ചക്കുട്ടി' എന്നു പേരിട്ട ചിത്രം അൽഐൻ സ്വയ്ഹാൻ ഗ്രാമത്തിലെ പഴയ അതേ തക്കാളിത്തോട്ടത്തിലും മരുഭൂമിയിലും ചിത്രീകരണം പൂർത്തിയായി വരുന്നു. 

ഹ്രസ്വചിത്രങ്ങളിൽ നിന്ന് വലിയ സ്ക്രീനിലേയ്ക്ക്

പതിനാലോളം ഹ്രസ്വ ചിത്രങ്ങൾക്ക് സംവിധാനവും ധന്യം, കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്ക് സംഭാഷണവും താമര എന്ന ചിത്രത്തിനു തിരക്കഥയും നിർവഹിച്ച പരിചയവുമായാണ് 20 വർഷങ്ങൾക്ക് ശേഷം റഷീദ് പാറയ്ക്കൽ തന്റെ പഴയ തട്ടകത്തിലേയ്ക്ക് തിരികെയെത്തിയത്. മൂന്നു വർഷം തന്റെ വിയർപ്പ് വീണയിടങ്ങളിൽ അതേ അനുഭവങ്ങൾ മറ്റൊരു നടനിലൂടെ അഭ്രപാളികളിലെത്തിക്കുന്നു എന്ന സവിശേഷത ഇൗ ഉദ്യമത്തിനുണ്ട്. കൃഷി ചെയ്തു പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയിരുന്നതാണ് തക്കാളിക്കൃഷി. വിളവ് ഭക്ഷ്യയോഗ്യമല്ല. അവ മുനിസിപാലിറ്റിയിൽ കൊണ്ടുപോയി ഭാരം നോക്കിയ ശേഷം കളയുകയായിരുന്നു പതിവ്. ഗൾഫ് എന്ന സങ്കൽപത്തിന് നേരെ വിപരീതമായിരുന്നു ഇൗ കൃഷിയും തീവ്ര അനുഭവങ്ങളും. അന്ന് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. ലേഖനമെഴുതാമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ എഴുതിക്കഴിഞ്ഞപ്പോൾ അതൊരു നോവലായി. പ്രസാധകരെ ഏൽപിച്ച് രണ്ടു വർഷത്തോളം അവിടെ വച്ചു. പിന്നീട് പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ ഏറ്റെടുത്തു.

 

പ്രതീക്ഷയോടെ ആനന്ദ് റോഷൻ

എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ് റോഷനാണ് റഷീദ് പാറയ്ക്കലിന്റെ കഥാപാത്രമായ സമീറിനെ അവതരിപ്പിക്കുന്നത്. ശരീര ഭാരം കുറച്ച് മാസങ്ങളോളം നടത്തിയ പ്രയത്നത്തിന് ശേഷമാണ് ആനന്ദ് സമീറിലേയ്ക്ക് പ്രവേശിച്ചത്. എൻജിനീയറായ ഇൗ യുവാവ് ഇൗ ചിത്രത്തിലൂടെ തനിക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംവിധായകൻ തന്നെ രചിച്ച്, ശിവറാമിന്റെ സംഗീതത്തിൽ വിദ്യാധരൻ മാസ്റ്റർ ആലപിച്ച് ഹിറ്റായ മഴ ചാറും ഇടവഴിയിൽ എന്ന ഗാനം ഇൗ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. പ്രവാസി കലാകാരന്മാരായ അഷ്‌റഫ് കിരാലൂർ, കെ.കെ. മൊയ്തീൻ കോയ, ജി.കെ. മാവേലിക്കര, ബഷീർ സിൽസില, ഷാജഹാൻ ഒറ്റത്തയ്യിൽ, അഷറഫ് പിലാക്കൽ, മെഹ്ബൂബ്, രാജു തോമസ്, ഷാനവാസ്, ഷാനു, പ്രജീപ് ചന്ദ്രൻ എന്നിവരും വേഷമിടുന്നു.  അനഘ സജീവ്, ഫിദ, ശൈഖ സലിൻ  എന്നീ പുതുമുഖങ്ങളെയും ചിത്രം അവതരിപ്പിക്കുന്നു