പെൺവാണിഭം; ദുബായിൽ യുവതിയെ കുടുക്കി പൊലീസിന്റെ തകർപ്പൻ സ്റ്റിങ് ഓപ്പറേഷൻ

പെൺവാണിഭവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയിലെത്തിയ 36കാരിയായ പാക്കിസ്ഥാനി യുവതിയെ ദുബായ് പൊലീസ് സ്റ്റിങ് ഓപ്പറേഷനില്‍ പിടികൂടിയ കേസിൽ വിചാരണ ആരംഭിച്ചു. നൈഫ് മേഖലയിൽ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായി വിവരം ലഭിച്ച പൊലീസ് ചാരന്‍, ആവശ്യക്കാരൻ എന്ന രീതിയില്‍ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. പിടിയിലായ യുവതി ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

2000 ദിർഹം പ്രതിഫലം വാഗ്ദാനം ചെയ്തു. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്‌സിയില്‍ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പൊലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പൊലീസ് ചാരനില്‍നിന്നു വാങ്ങിയ പണം ഇവരില്‍നിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവർത്തിയെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ യുവതിക്കെതിരായ കേസില്‍ ഈ മാസം 23 ന് വിധിപറയും. പണത്തിനുവേണ്ടി ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി പറഞ്ഞു. ദുബായിലെ വിവിധ ഹോട്ടലുകളിൽ 400, 500 ദിർഹത്തിന് യുവതി ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചു. നിയമം നൽകുന്ന കടുത്ത ശിക്ഷ യുവതിയ്ക്ക് നൽകണമെന്ന് പ്രോസിക്യൂട്ടേഴ്സ് വാദിച്ചു.