നാടിൻറെ ഓർമകളുമായി അബുദാബിയിൽ കൊയ്ത്തുൽസവം

നാടിൻറെ ഓർമകളുമായി അബുദാബിയിൽ കൊയ്ത്തുൽസവം. സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. 

കേരളത്തിൻറെ പരമ്പരാഗത്തനിമയിൽ സംഘടിപ്പിച്ച ആദ്യഫലപെരുന്നാൾ ഗൃഹാതുരത്വം നിറയുന്നതായിരുന്നു. നാടൻ ഭക്ഷണവിഭവങ്ങളുമായി അൻപതിലേറെ ഭക്ഷ്യകലവറകൾ, മലബാർ പലഹാരങ്ങൾക്കായി മലബാർ തെരുവ്, തട്ടുകട, കടൽ വിഭവങ്ങളുടെ പ്രത്യേക വിഭാഗം, ആവിപറക്കുന്ന തനികോട്ടയം കറികൾ തുടങ്ങിയവയായിരുന്നു ഭക്ഷ്യകലവറയിലെ മുഖ്യആകർഷണം. വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾ, കരകൗശല,  ഔഷധ സസ്യ സ്റ്റാളുകളും കൊയ്ത്തുത്സവത്തിന്റെ ഭാഗമായി. പതിനായിരത്തോളം വരുന്ന ഇടവകാംഗങ്ങളുടെ ഒത്തുചേരലിൻറെ ദിനംകൂടിയായിരുന്നു കൊയ്ത്തുൽസവം. 

മുൻ ചീഫ്സെക്രട്ടറി ജിജി തോംസണായിരുന്നു മുഖ്യാതിഥി.  കേരളീയ വാദ്യമേളങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയും ഉൽസവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.