ഷാർജ വിമാനത്താവളത്തിൽ ബാഗേജുകൾക്ക് പുതിയ നിബന്ധനകൾ

അടുത്തമാസം നാലുമുതല്‍ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജുകൾക്ക് പുതിയ നിബന്ധനകൾ വരുന്നു.  നിബന്ധന പാലിക്കാത്തവ ചെക്ക് ഇൻ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

ഉരുണ്ടതും പരിധിക്കപ്പുറം നീണ്ടതും കൃത്യമായ ആകൃതിയില്ലാതെ കെട്ടിയതുമായ ബാഗേജുകൾ അനുവദിക്കുകയില്ല.    രണ്ടുബാഗേജുകൾ ഒന്നിച്ച് ചേർത്ത് കെട്ടിയോ ഒട്ടിച്ചോ ഉള്ള നിലയിൽ കൊണ്ടുപോകാനാകില്ല.   അയഞ്ഞ കയറോ വള്ളിയോ ഇട്ട് കാർഡ്‌ബോർഡ് പെട്ടികളും മറ്റും കെട്ടി െവക്കരുത്. ഇത് അഴിഞ്ഞുപോകാനുള്ള സാധ്യതയുളളതിനാല്‍  ഇത്തരം പെട്ടികൾ കട്ടിയുള്ള സെല്ലോടേപ്പ് കൊണ്ട് സുരക്ഷിതമായി പൊതിയണം. അല്ലെങ്കില്‍ അത്തരം ബാഗേജുകൾ തിരിച്ചയക്കും.   നീളമുള്ള വള്ളികൾ തൂങ്ങിക്കിടക്കുന്ന ബാഗേജുകളും അനുവദിക്കില്ല.   

ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട് . പുതിയ നിബന്ധനകളെക്കുറിച്ച് ലഘുലേഖകൾ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും  അധികൃതര്‍ ബോധവത്കരണ പ്രചാരണം ആരംഭിച്ചിട്ടുണ്ട് .