ബാലവിവാഹത്തിന് ഇന്ത്യയിൽ അറസ്റ്റിലായ ഒമാനികൾക്ക് മോചനം; മസ്കത്തിൽ വൻ സ്വീകരണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവത്തില്‍ ഹൈദരാബാദില്‍ അറസ്റ്റിലായ ഒമാന്‍ പൗന്‍മാര്‍ക്ക് മോചനം. മസ്‌കത്തില്‍ തിരിച്ചെത്തിയ സ്വദേശികളെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. നാലു സ്വദേശി പൗരന്‍മാരാണ് മോചിതരായത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹൈദരാബാദില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്ത സ്വദേശികള്‍ അറസ്റ്റിലാകുന്നത്. ഇതിനിടെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മൂന്നിന് മൂന്ന് സ്വദേശികളെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരുടെ മോചനത്തിനായി ഒമാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

ഒരു വര്‍ഷത്തിലേറെയായി വിചാരണ തുടരുകയായിരുന്നു. 11 തവണയാണ് വിചരാണ നീട്ടിവെച്ചത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്നും ഇടനിലക്കാരുടെ ചതിയില്‍ അകപ്പെട്ടതാണെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ബോധവത്കരണം നടത്തുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിചാരണ നേരിടുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കിയും ആരോഗ്യ സ്ഥിതി കണക്കിലെടുത്തും പെട്ടന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ അധികൃതരോട് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലും ന്യൂഡല്‍ഹിയിലും എത്തി നിരവധി തവണയാണ് ചര്‍ച്ചകള്‍ നടത്തിയത്. അതേസമയം, ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ വിചാരണാ തടവിന് ശേഷം മോചിതരായി തിരിച്ചെത്തിയ സ്വദേശികള്‍ക്ക് വലിയ സ്വീകരണമാണ് മസ്‌കത്തില്‍ നല്‍കിയത്. മക്കളും പേരക്കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഇവരെ സ്വീകരിക്കാനെത്തി.