സൗദിയിൽ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികൾ നിലവിൽ

സൗദിഅറേബ്യയിൽ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികൾ നിലവിൽവന്നു. തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി ഏഴിടങ്ങളിലാണ് കോടതികൾ സ്ഥാപിച്ചത്.

സൗദി അറേബ്യയിൽ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള സമിതികളിലായിരുന്നു. ഇത് കാലതാമസമുണ്ടാക്കന്നുവെന്ന പരാതി ഉയർന്നതോടെയാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചത്. നിലവിലെ നിയമമനുസരിച്ച് തൊഴില്‍ കരാര്‍ ലംഘനങ്ങള്‍, വേതന തര്‍ക്കങ്ങള്‍, അവകാശ ലംഘനം, അപകട നഷ്ടപരിഹാരങ്ങള്‍ എന്നിവയെല്ലാം തൊഴില്‍ കോടതികളിൽ പരിഗണിക്കും. ആദ്യഘട്ടത്തില്‍ ജിദ്ദ, മക്ക, മദീന, ബുറൈദ, അബഹാ, റിയാദ്, ദമാം എന്നിവിടങ്ങളിലായാണ് കോടതികൾ സ്ഥാപിച്ചത്. വിവിധ പ്രവിശ്യകളിലും ഗവര്‍ണറേറ്റുകളിലുമായി തര്‍ക്കപരിഹാരത്തിനായി 27 പ്രത്യേക ബെഞ്ചുകളുമുണ്ടാകും. 

തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികളാണുള്ളത്. ഇരുപതിനായിരം റിയാലിൽ താഴെ നല്‍കാനുള്ള വിധികള്‍, സേവന സര്‍ട്ടിഫിക്കറ്റ്, തൊഴിലാളിയുടെ രേഖകള്‍ നല്‍കാന്‍ അവശ്യപ്പെട്ടുകൊണ്ടുള്ള കേസുകളിലുള്ള വിധികള്‍ എന്നിവയ്ക്ക് അപ്പീല്‍ നൽകാനാവില്ല. പുതിയതൊഴില്‍ കോടതികളില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുന്നതും വിധി ലഭിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും.