മറിയത്തെ കിരീടം ചൂടിച്ച് ഷെയ്ഖ് മുഹമ്മദ്; ഒന്നരലക്ഷം ഡോളർ സമ്മാനം

പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്താനുള്ള രാജ്യാന്തര വായനാ മത്സരത്തില്‍ കിരീടം ചൂടിയതു മൊറോക്കോയില്‍ നിന്നുള്ള ഒന്‍പതു വയസ്സുകാരി  മറിയം അംജൂന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതുമയുള്ള ഈ പുസ്തക പ്രണയ പദ്ധതി പ്രഖ്യാപിച്ചത്. ഒന്നരലക്ഷം ഡോളറാണ്  സമ്മാനത്തുക.

വായന ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഒരു കോടി കുട്ടികളാണ് ഈ പുസ്തക പ്രണയ പദ്ധതിയുടെ ഭാഗമായത്. 52000 സ്കൂളുകള്‍ പദ്ധതിയില്‍ പങ്കുടുത്തു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഓരോ കുട്ടിയും 50 പുസ്തകങ്ങളാണ് വായിച്ചത്. അവസാന റൗണ്ടില്‍ എത്തിയവര്‍ക്കുള്ള പ്രോല്‍സാഹന സമ്മാനവും ദുബായില്‍ നടന്ന ചടങ്ങില്‍ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് വിതരണം ചെയ്തു. 

മത്സരത്തില്‍ പങ്കെടുക്കാന്‍ 200 പുസ്തകങ്ങളാണ് മറിയം അമ്ജൂം വായിച്ചു തീര്‍ത്തത്. ഇതില്‍ 60 പുസ്തകങ്ങള്‍ വിജയിക്കാന്‍ സഹായിച്ചതായി അംജൂം പറഞ്ഞു. വായനയും വെല്ലുവിളിയും ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്നാണ്  ഈ കൊച്ചുമിടുക്കി പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞത്.