140 കി.മീറ്ററിൽ ബ്രേക്ക് പോയി; അമ്പരന്ന് ഡ്രൈവർ; രക്ഷിച്ച് ദുബായ് പൊലീസ്; വിഡിയോ

140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ഡ്രൈവറെ ദുബായ് പൊലീസ് സാഹസികമായി രക്ഷിച്ചു. എമിറാത്തിയായ ഡ്രൈവർ എമിറേറ്റ്സ് റോഡിലൂടെ ഷാർജയിൽ നിന്നും വരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.50നാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് ദുബായ് പൊലീസ് സീനിയർ ഡയറക്ടർ കേണൽ ഫൈസൽ ഐസ അൽ ഖാസിം പറഞ്ഞു.

ഡ്രൈവറുമായി കമാൻഡ് സെന്ററിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുകയും ശാന്തനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേസമയം, കൺട്രോൾ സെന്റർ രണ്ട് പട്രോൾ സംഘത്തെ നിയോഗിക്കുകയും റോഡിൽ നിന്നും മറ്റു വാഹനങ്ങളെ മാറ്റാനും നിർദേശിച്ചു. വാഹനം നിർത്താൻ ഡ്രൈവറെ സഹായിക്കുന്നതിനായി പൊലീസ് നിരവധി നിർദേശങ്ങൾ നൽകിയെങ്കിലും ഇതൊന്നും നടപ്പായില്ല. ഡ്രൈവർ ഏറെ പരിഭ്രാന്തനായിരുന്നു. റോഡിൽ സ്ഥാപിച്ചിട്ടുള്ള വേഗ നിയന്ത്രണ ബാരിക്കേഡിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇടിച്ച് വേഗത കുറയ്ക്കട്ടേ എന്ന് ഡ്രൈവർ ചോദിച്ചു. എന്നാൽ, പൊലീസ് ഇതിനെ ശക്തമായി എതിർക്കുകയും ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഡ്രൈവറെ ആശ്വസിപ്പിക്കാൻ പൊലീസ് സംഘം പരമാവധി ശ്രമിച്ചു. വാഹനവും ഡ്രൈവറും അപകടത്തിൽ നിന്നും പൂർണമായും രക്ഷപ്പെട്ടതിനു ശേഷമേ പൊലീസ് സംഘം പിൻമാറൂ എന്ന് അവർ ഉറപ്പു നൽകി. ഡ്രൈവറുടെ മുന്നിൽ പോകുന്ന പൊലീസ് വാഹനം ശ്രദ്ധിക്കണമെന്നു കൺട്രോൾ റൂമിൽ നിന്നും ഡ്രൈവർക്ക് കർശനമായ നിർദേശം ലഭിച്ചു. അപകടം ഒഴിവാക്കി പൊലീസ് വാഹനം കാറിന് വഴിയൊരുക്കുകയായിരുന്നു. നിരവധി തവണ ഡ്രൈവർ വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ഏറെ സമയത്തിനുശേഷം വാഹനം റോഡിനു സൈഡിൽ നിർത്താൻ സാധിച്ചു. പൊലീസ് വാഹനം എത്തി ഡ്രൈവർക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.