യുഎഇയിൽ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം

യുഎഇയിൽ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ജീവനക്കാർക്കായി കമ്പനികളും വ്യാപാര ഉടമകളും നൽകിയിയിരുന്ന ബാങ്ക് ഗ്യാരന്റിക്ക് പകരമായാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.

വ്യവസായ നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടായിരത്തിഒന്നിൽ തുടങ്ങിയ ബാങ്ക് ഗ്യാരന്റി പദ്ധതിയനുസരിച്ച് ഒരു തൊഴിലാളിക്ക് മൂവായിരം ദിർഹം വച്ചാണ് കമ്പനികൾ നൽകിയിരുന്നത്. ഈ തുക തിരികെ നൽകികൊണ്ടാണ് ഇൻഷുറൻസ് പദ്ധതി തുടങ്ങുന്നത്. തഹ്സീർ, തദ്ബീൽ സെന്ററുകൾ വഴി സ്വകാര്യ ഗാർഹിക മേഖലകളിലെ തൊഴിലാളികൾക്കായുള്ള ഇൻഷുറൻസിന് അപേക്ഷ നൽകാം.

വർഷം അറുപതു ദിർഹം പ്രീമിയം അടയ്ക്കുന്നതിലൂടെ ഇരുപതിനായിരം ദിർഹത്തിന്റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണെന്ന് ഗാർഹിക തൊഴിലാളി വകുപ്പ് അണ്ടർ സെക്രട്ടറി ആയിഷ ബെൽ ഹാരിഫ പറഞ്ഞു. ജോലിക്കിടെയുണ്ടാകുന്ന പരുക്കുകൾ, അവധിക്കാല, അധികസമയ അലവൻസുകൾ, നാട്ടിലേക്ക് പോയിവരാനുള്ള വിമാന ടിക്കറ്റ് എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.