143 കോടിയുടെ വജ്രം ജാക്കറ്റിൽ ഒളിപ്പിച്ചു; ദുബായില്‍ ലോകം ഞെട്ടിയ മോഷണം ചുരുളഴിയുന്നു

73 മില്യൺ ദിർഹം (ഇപ്പോൾ ഏതാണ്ട് 143 കോടി രൂപ) വില വരുന്ന വജ്രം ദുബായിൽ നിന്നും മോഷ്ടിച്ച സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനെതിരായ കേസിൽ വിചാരണ ആരംഭിച്ചു. അതീവ സുരക്ഷിത മേഖലയിൽ ഈ വർഷം മേയ് 25ന് നടന്ന മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വിചാരണ സമയത്താണ് കോടതിയിൽ വെളിപ്പെടുത്തിയത്. 37 വയസുള്ള ശ്രീലങ്കൻ പൗരനാണ് കേസിൽ അറസ്റ്റിലായത്. ഇയാളെ സഹായിച്ച മറ്റൊരു ശ്രീലങ്കൻ ജോലിക്കാരനും അറസ്റ്റിലായി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഹാജരാക്കിയ പ്രധാന പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ, രണ്ടാം പ്രതി കുറ്റം നിഷേധിച്ചു. ഷാർജയിൽ ഇയാളെ താമസിക്കാൻ സഹായിച്ചുവെന്നു മാത്രമാണ് താൻ ചെയ്തതെന്നും ഇത്തരമൊരു കൃത്യം നടത്തിയ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും രണ്ടാം പ്രതി പ്രസീഡിങ് ജഡ്ജ് ഹബീബ് അവാദിനോട് പറഞ്ഞു.

ദുബായ് പൊലീസിന്റെ മികവാണ് വൻ മോഷണത്തിനു പിന്നിലുള്ളവരെ പിടികൂടാൻ സഹായിച്ചത്. ഷൂസിനുള്ളിലൂടെയാണ് പ്രതി വജ്രം പുറത്തേക്ക് കടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. വജ്രം നിലവറയിൽ നിന്ന് മോഷ്ടിച്ച ശേഷം പ്രതി തന്റെ ബന്ധുവിന് കൈമാറി. ഇയാൾ ഒരു സ്പോർട്സ് ഷൂസിനുള്ളിലാണ് വജ്രം രഹസ്യമായി കടത്തിയതെന്നും ദുബായ് പൊലീസ് അധികൃതർ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാർ സ്പോർട്സ് ഷൂസിനുളളിൽ രഹസ്യമായി സൂക്ഷിച്ചാണ് വജ്രം കടത്തിയത്. 9.33 കാരറ്റ് വജ്രമാണ് മോഷ്ടിച്ചത്. 

വളരെ കഷ്ടപ്പെട്ടശേഷമാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാണ്ട് 8620 മണിക്കൂർ ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും 120ൽ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ജെബീൽ അലിയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് മോഷണം നടന്നതെന്ന് ദുബായ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് ഡെപ്യൂട്ടി ജനറൽ കേണൽ മുഹമ്മദ് അഖ്വിൽ വ്യക്തമാക്കിയിരുന്നു.

നിരവധി സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് പ്രതി കൃത്യം നടത്തിയതെന്ന് കമ്പനി അധികൃതരിൽ നിന്നും മനസിലായി. വളരെ കുറച്ചു ആളുകൾക്ക് മാത്രമേ അതീവ സുരക്ഷ ഏർപ്പെടുത്തിയ ഈ മേഖലയിൽ പ്രവേശിക്കാൻ സാധിക്കൂ. അവസാനത്തെ സുരക്ഷാ ഗെയ്റ്റ് തുറക്കാൻ പ്രധാനപ്പെട്ട മൂന്ന് വാതിലുകൾ തുറക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രത്യേക താക്കോൽ ഉപയോഗിച്ച് തുറക്കണം. രണ്ടാമത്തേത് രഹസ്യ കോഡ് ആണ്. മൂന്നാമത്തേത് രഹസ്യ ഇലക്ട്രോണിക് കോഡും. ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്. അതിനാൽ തന്നെ സുരക്ഷാ ചുമതലയുള്ള ആളുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മനസിലാക്കി. പിന്നീട്, ദുബായിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃത്യം നടത്തി മുങ്ങിയ പ്രതി എല്ലാവരുമായുള്ള ബന്ധം പ്രതി വിച്ഛേദിച്ചിരുന്നു. അതിനാൽ തന്നെ ഇയാളെ പിടികൂടാനും പൊലീസ് അൽപം ബുദ്ധിമുട്ടി. നാട്ടിൽ അവധിക്കു പോകുന്നതിന് ഒരു ആഴ്ച മുൻപാണ് ഇയാൾ മോഷണം നടത്തിയത്. നാട്ടിൽ പോയശേഷം വജ്രം വലിയ വിലയ്ക്ക് വിറ്റ് പണക്കാരനാവുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.