കടംവാങ്ങിയ പണം തന്നില്ല: ദുബായിൽ കാമുകിയെ കൊന്നു തളളിയ യുവാവിന്റെ വധശിക്ഷയില്‍ ഇളവ്

കടം വാങ്ങിയ പണത്തിനു വേണ്ടി കാമുകിയെ കൊന്ന യുവാവിന്റെ വധശിക്ഷ എഴുവർഷം തടവാക്കി കുറച്ചു .ദുബായിലാണ് സംഭവം.ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 31 വയസ്സുള്ള ലെബനീസ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളിൽ നിന്നും പലപ്പോഴായി വിയറ്റ്നാം പൗരയായ കാമുകി കടമായി പണം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചു ചോദിച്ചപ്പോൾ യുവതിയുടെ ഭാഗത്തുനിന്നും നിഷേധ നിലപാട് ഉണ്ടായി. തുടർന്നുണ്ടായ തർക്കത്തിനിടെ യുവതിയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. 2017 

ഒാഗസ്റ്റിലായിരുന്നു സംഭവം. ഇയാൾക്കെതിരെ കൊലപാതകം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. യുവതിയുടെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം മൃതദേഹം യാത്രബാഗിൽ ഒളിപ്പിക്കുകയായിരുന്നു. 

2016 ഓഗസ്റ്റിൽ നിശാക്ലബിൽ വച്ചുളള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. ബർ ദുബായിൽ യുവതി താമസിക്കുന്ന സ്ഥലത്ത് യുവാവ് സ്ഥിരമായി പോകാറുണ്ടായിരുന്നു. ഒരിക്കൽ ലെബനനിൽ പോയി വന്നതിനുശേഷം യുവാവ് പെൺകുട്ടിക്കൊപ്പം നാലു ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്രയ്ക്ക് പദ്ധതിയിട്ടു. നാട്ടിലേയ്ക്ക് പെട്ടെന്ന് തിരിച്ചു പോകണെന്നും അവിടെയുള്ള ഫ്ലാറ്റിന്റെ ലോൺ അടയ്ക്കുന്നതിന് 15,000 ഡോളർ ആവശ്യമാണെന്നും യുവതി  പറഞ്ഞതിനെ തുടർന്ന് യാത്രയുടെ മൂന്നാം ദിവസം യുവാവ് 50,000 ദിർഹം കടമായി നൽകി. നാട്ടിൽ പോയി വന്നതിനുശേഷം യുവതി താനുമായി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയെന്നാണ് പ്രതിയുടെ മൊഴി.

നിരന്തരം കാമുകി പണം ആവശ്യപ്പെടാൻ തുടങ്ങിയതായും യുവാവ് പറയുന്നു. ഫെബ്രുവരിയിൽ ബ്യൂട്ടി സലൂൺ തുടങ്ങുന്നതിനായി 13,000 ദിർഹം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. സലൂണിൽ തന്നെയും പങ്കാളിയാക്കാം എന്നായിരുന്നു വാഗ്ദാനം. പണം നൽകിയെങ്കിലും പങ്കാളിയാക്കിയില്ലെന്നും ശിക്ഷിക്കപ്പെട്ട പ്രതി പറഞ്ഞു. 2017 ഏപ്രിൽ 13ന് രാവിലെ 9.30ന് പ്രതി യുവതിയുടെ താമസസ്ഥലത്ത് പോയെങ്കിലും വളരെ മോശമായ രീതിയിൽ ആയിരുന്നു പെൺകുട്ടിയുടെ പെരുമാറ്റം. ബന്ധം തുടരാൻ താൽപര്യം ഇല്ലെങ്കിൽ അത് തുറന്നു പറയണമെന്നും ഇത്തരത്തിൽ രൂക്ഷമായി പെരുമാറരുതെന്നും യുവാവ് പറഞ്ഞു. തന്റെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ നൽകണമെന്നും യുവാവ് നിലപാടെടുത്തു. പിന്നീട് നിരവധി തവണ യുവതിയുമായി സംസാരിച്ചെങ്കിലും ധിക്കാരപരമായിരുന്നു അവരുടെ നിലപാടെന്ന് പ്രതി മൊഴി നൽകി.

സംഭവം നടന്ന ദിവസവും യുവതിയുമായി വാക്കുതർക്കുമുണ്ടുയായി. പണം തിരികെ നൽകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് പ്രതി പെട്ടെന്നു ദേഷ്യത്തിൽ യുവതിയുടെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. യുവതി മരിച്ചെന്നു ഉറപ്പായതോടെ  അവിടെയുണ്ടായിരുന്ന യാത്രാ ബാഗിൽ യുവതിയുടെ മൃതദേഹം ഒളിപ്പിച്ചു. പൊലീസിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചു നടന്നു

കൃത്യത്തിനുശേഷം യുവതിയുടെ ബാഗിൽ ഉണ്ടായിരുന്ന 4500 ദിർഹം, വാച്ച്, ആഭരണങ്ങൾ, നെക്കലസ് തുടങ്ങിയ സാധനങ്ങൾ യുവാവ് എടുത്തിരുന്നു. മകളെക്കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് വിയറ്റ്നാമിലുള്ള രക്ഷിതാക്കൾ യുവതിയുടെ സുഹൃത്തിനെ വിളിച്ചു. ഈ സുഹൃത്ത് യുവതി താമസിക്കുന്ന സ്ഥലത്തേക്ക് പോയി. പാർക്കിങ്ങിൽ യുവതിയുടെ കാർ കിടക്കുന്നത് കണ്ടു. ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും അവിടെ പൊലീസ് ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട വിവരം അറിയിക്കുകയും ചെയ്തു. ഫ്ലാറ്റിൽ അവസാനം വന്ന ആളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയും ജോലി സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.