വിദേശതൊഴിലാളികൾക്കുള്ള എക്സിറ്റ് വീസ സംവിധാനം ഖത്തർ ഒഴിവാക്കി

വിദേശതൊഴിലാളികൾക്കുള്ള എക്സിറ്റ്  വീസ സംവിധാനം ഖത്തർ ഒഴിവാക്കി. ഇതോടെ  വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ രാജ്യം വിടാനാകും. ഇതിനുള്ള നിയമഭേദഗതിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകി. 

തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന  നിർണായകമായ  ഭേദഗതിയാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം  കൊണ്ടുവന്ന തൊഴിൽ ചട്ടഭേദഗതിക്കെതിര വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് താല്‍ക്കാലികമായോ സ്ഥിരമായോ രാജ്യം വിടാന്‍ ഇനി എക്സിറ്റ് പെര്‍മിറ്റിന്‍റെ ആവശ്യമില്ല. തൊഴിൽ കരാർ കാലാവധിക്കുള്ളിൽ അവധിയിൽ താൽക്കാലികമായി നാട്ടിലേക്കു മടങ്ങുന്നവർക്കു നിലവിൽ തൊഴിലുടമയിൽ നിന്നും എക്സിറ്റ് പെർമിറ് ആവശ്യമായിരുന്നു. എന്നാൽ, കമ്പനിയുടെ  നിർണായക പദവികളിലിരിക്കുന്ന അഞ്ചു ശതമാനം തൊഴിലാളികൾക്ക് തുടർന്നും എക്സിറ്റ് പെർമിറ്റ് ആവശ്യമായി വരും.  തൊഴിൽ നിയമത്തിന് കീഴിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമാണ് നിയമം ബാധകമാവുക. ഗാർഹിക തൊഴിലാളികൾ നിയമത്തിന്റെ പരിധിയിൽ ഉൾപെടില്ല. 2022 ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഖത്തറിൽ  തൊഴിലാളികൾ  ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.  ഖത്തറിന്റെ പുതിയ തീരുമാനത്തെ രാജ്യാന്തര തൊഴില് സംഘടന സ്വാഗതം ചെയ്തു. മിനിമം വേതനവും തൊഴിലാളികള്ക്കുളള പരാതി പരിഹാരസംവിധാനങ്ങളും പുതിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായി കൊണ്ടുവരുമെന്ന് ഖത്തര് തൊഴില് മന്ത്രാലയം അറിയിച്ചു.