സൗദിയുടെ ആദ്യ വനിതാ പൈലറ്റ്; പറന്നുയരുന്നത് ചരിത്രം

അഞ്ചുവർഷം നീണ്ട കാത്തിരിപ്പിന് അവസാനമാകുന്ന സന്തോഷത്തിലാണ് യാസ്മിൻ അൽ മൈമനി. സ്വന്തം രാജ്യത്തെ വിമാന കമ്പനിയുടെ പൈലറ്റാകണം എന്ന മോഹമാണ് ഉടൻ സഫലമാകുന്നത്. സൗദിയുടെ ആദ്യ വനിതാ പൈലറ്റായി ഇരുപത്തെട്ടുകാരി യാസ്മിന്‍ വൈകാതെ പറന്നുയരും.

വിദേശത്ത് വിമാനം പറത്താനുള്ള അവസരം നൽകാമെന്ന വാഗ്ദാനവുമായി ഒട്ടേറെ കമ്പനികൾ സമീപിച്ചെങ്കിലും സ്വന്തം രാജ്യത്ത് തന്നെ വിമാനം പറപ്പിക്കണമെന്ന അടങ്ങാത്ത മോഹമായിരുന്നു യാസ്മിന്.

ജോര്‍ദാനില്‍ നിന്നാണ് യാസ്മിന്‍ സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്. 2013ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും ഇവർ പൂർത്തിയാക്കി.

സൗദിയില്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച അഞ്ചു വനിതകളിലൊരാളാണ് യാസ്മിന്‍. സൗദിയില്‍ യാത്രാവിമാനങ്ങള്‍ പറത്തുന്നതിനുള്ള ലൈസന്‍സ് നേടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ തൊഴില്‍ ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഇവർ. എന്നാൽ ഒടുവിൽ ആ കാത്തിരുന്ന് അവസാനമാകുന്നതിനന്റെ സന്തോഷത്തിലാണ് യാസ്മിൻ.