മലയാളം സംസാരിക്കുന്ന ദുബായ് പൊലീസ്; കേരളത്തെ പിന്തുണച്ച് അബ്ദുൽ അസീസ്, വിഡിയോ

മലയാളം സംസാരിക്കുന്ന ദുബായ് പൊലീസ് മലയാളികൾക്ക് അഭിമാനമാകുന്നു. പ്രളയം ദുരിതത്തിലാഴ്ത്തിയ കേരള ജനതയ്ക്ക്  പിന്തുണ അറിയിച്ചു കൊണ്ട്  ദുബായ് പൊലിസ്  പുറത്തിറക്കിയ  വിഡിയോയിലാണ് മലയാളം പറയുന്ന പൊലീസുകാരൻ പ്രത്യക്ഷപ്പെട്ടത്.  യൂണിഫോം ധരിച്ച ഇൗ പൊലീസുകാരൻ മറ്റാരുമല്ല,   കോഴിക്കോട് കല്ലാച്ചി സ്വദേശി അബ്ദുൽ അസീസ്. 

ലോകത്തിലെ ഏറ്റവും മികച്ച പൊലീസ് സേനാ വിഭാഗങ്ങളിൽ ഒന്നാണ് ദുബായ് പൊലീസ്. നീണ്ട മൂന്നു പതിറ്റാണ്ടുകാലം ദുബായ് പൊലീസിൽ  ജോലി ചെയ്തു വരുന്ന അബ്ദുൽ അസീസിന്റെ സാന്നിധ്യം മലയാളികൾക്ക് തന്നെ ഇന്ന് അഭിമാനമാകുന്നു . നിലവിൽ ദുബായ് പൊലിസിന്റെ  പരിശീലനം പൂർത്തിയാക്കിയ രണ്ട് മലയാളി ജീവനക്കാർക്കിടയിൽ ഒരാളായ ഈ  കല്ലാച്ചികാരൻ പറയാനുള്ളത്  യുഎഇ എന്ന ഈ  നാടിന്റെ നന്മ നിറഞ്ഞ ഭരണാധികാരികളും ഇവിടുത്തെ സ്വദേശികളും മലയാളികളെ കുടെപ്പിറപ്പുകളെ പോലെ  സ്നേഹിച്ച  കഥയാണ്. ആ സ്നേഹ ബന്ധത്തിന്റെ ബാക്കി പത്രമാണ് ലോകത്ത് കീർത്തി നേടിയ ദുബായ് പൊലീസിൽ ഭാഗഭാക്കാകുന്ന ഇൗ  മലയാളി ഉദ്യോഗസ്ഥൻ.

കേരളത്തിലെ  പ്രളയത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്  അത്യാവശ്യമായി നാട്ടിൽ പോയ അസീസ്‌ വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ ആഹാരവും മറ്റും എത്തിക്കാന്‍സജീവമായി രംഗത്തുണ്ടായിരുന്നു. അത് കഴിഞ്ഞു ബലി പെരുന്നാൾ തലേന്നാണ് ഇദ്ദേഹം ദുബായിൽ  തിരിച്ചെത്തിയത്.  യുഎഇ വൈസ്പ്രസിഡന്റും, പ്രധാനമന്ത്രിയും,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മക്തും കേരളത്തിലെ പ്രളയ ബാധിതർക്ക് പിന്തുണ അറിയിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ട്വീ റ്റ് ചെയ്തതിന്റെ ചുവടുപിടിച്ചു ദുബായ് പൊലീസും തങ്ങളുടെ പിന്തുണ അറിയിക്കാൻ വിഡിയോ പുറത്തിറക്കുകയായിരുന്നു. നാട്ടിൽ നിന്ന് എത്തിയ അസീസിനെ മലയാളത്തിൽ സംസാരിക്കാൻ വകുപ്പ് ക്ഷണിച്ചു.  "ദുബായ് പൊലീസ് നിങ്ങളോടൊപ്പമുണ്ട്" എന്ന  സന്ദേശത്തിലുള്ള വിഡിയോ  വളരെ വേഗം  സമൂഹ മാധ്യമങ്ങളിൽ  വൈറലായി. കേരള ജനതയുടെ നിശ്ചയദാർഢ്യത്തില്‍ ഞങ്ങൾക്ക് വിശ്വാസമുണ്ട് .

അവരുടെ ആത്മവീര്യം ,മുഴുവൻ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന അടിക്കുറിപ്പോടെയാണ് ദുബായ് പൊലീസ് കേരളത്തിന്‌ പിന്തുണ അറിയിച്ച് വിഡിയോ പുറത്തിറക്കിയത്. ദുബായ് പൊലീസിന്റെ സെൻട്രൽ ഓപ്പറേഷൻ റൂമിലെ വലിയ സ്ക്രീനിൽ  കേരളത്തിലെ രക്ഷാ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സസൂക്ഷ്മം വീക്ഷിക്കുന്നതും പ്രളയത്തിൽ അകപ്പെട്ടവരെ ഇന്ത്യൻ നാവികസേന ഹെലികോപ്റ്റർ മാർഗം രക്ഷിക്കുന്നതും മറ്റുമാണ് 50 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഉള്ളത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി  കൈവിടരുത്, ദുബായ് പൊലീസ് നിങ്ങളോടപ്പമുണ്ട് എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ട് അബ്ദുൽ അസീസും ഇതിൽ  പ്രത്യക്ഷപ്പെടുന്നു.

1981-ലാണ് അബ്ദുൽ അസീസ്‌ തന്റെ പിതാവിന്റെ സ്പോൺസർഷിപ്പ് വീസയിൽ യുഎഇയിൽ എത്തുന്നത്. 1963ല്‍ 15 ാം വയസ്സിൽ  ഓഫിസ് അസിസ്റ്റന്റായി ദുബായ് എമിഗ്രേഷനിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചു. അന്നത്തെ ലോക്കൽ പാസ്പോർട്ട് വിഭാഗം തലവനായ ആദീഖ് അഹ്‌മദ്‌ അൽ മറിയുടെ ഓഫീലായിരുന്നു ജോലി. ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ വിശ്വാസ്തനായ ജീവനക്കാരനായി അബ്ദുൽ അസീസ് മാറി. അദ്ദേഹുമായുള്ള ആത്മബന്ധത്തിന്റെ ഫലമായാണ് അസീസ്‌ ദുബായ് പൊലീസിൽ ജോലി ലഭിക്കുന്നത്. ലോകത്തിലെ മികച്ച പൊലീസ് പരിശീലന രീതികളിൽ ഒന്നായ ദുബായ് പൊലീസിന്റെ പരിശീലനം ആറ്  മാസം കൊണ്ട് പൂർത്തിയാക്കി. തുടർന്ന് എമർജൻസി , ട്രാഫിക് ,രഹസ്യ അന്വേഷണ വിഭാഗങ്ങളിൽ ജോലി ചെയ്തു.  ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണർ കമ്യൂണിറ്റി ഹാപ്പിനസ് ആൻഡ് സപ്ലൈസ് വിഭാഗത്തിലാണ്  ജോലി. തന്റെ മേധാവി മേജർ മുഹമ്മദ് സയീദ്  അൽ മറിയുടെ വലിയ പിന്തുണ ജോലിയിൽ വലിയ ആത്മവിശ്വാസം നൽകുന്നതായി അബ്ദുൾ അസീസ് പറയുന്നു. നല്ലരു കോൽക്കളി കലാകാരനും കൂടിയാണ് ഇദ്ദേഹം. റംലയാണ് ഭാര്യ, അബ്ദുൽ റാഷിദ്, ഹനസ്, സഊദ്, ഫഹദ്, ഫഹീമ എന്നിവർ മക്കളാണ്.