വിദേശ കറൻസികളുടെ വിനിമയനിരക്ക് റെക്കോർഡിലെത്തി

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശകറൻസികളുടെ വിനിമയനിരക്ക് റെക്കോർഡിലെത്തി. ചരിത്രത്തിലാദ്യമായി യു.എ.ഇ ദിർഹത്തിൻറെ വിനിമയനിരക്ക് പത്തൊൻപതു രൂപയ്ക്കു മുകളിലെത്തി. ഇതോടെ, നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികൾ. 

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ വിദേശകറൻസികൾക്ക് ഏറ്റവും ഉയർന്ന നിരക്കാണ് ലഭിക്കുന്നത്. ഒരു ദിര്‍ഹത്തിന് ഇന്ന് ലഭിച്ച ഏറ്റവും കൂടിയ മൂല്യം പത്തൊൻപതു രൂപ പൂജ്യം ആറു പൈസയാണ്. രാവിലെ 18 രൂപ 83 പൈസ എന്ന നിലയിലാണ് വിപണി തുടങ്ങിയത്. മൂന്നുമണിയോടെ സർവകാല റെക്കോർഡായ പത്തൊൻപത് രൂപയിലെത്തി. പ്രാദേശിക വിപണിയിൽ പതിനെട്ടുരൂപ തൊണ്ണൂറ്റിമൂന്നു പൈസ വരെ ഇന്നു ലഭിച്ചു. 

കുവൈത്ത് ദിനാറിന് ഇന്നു ലഭിച്ചത് ഇരുന്നൂറ്റിമുപ്പതു രൂപ. ഇന്നലെ ഇത് ഇരുന്നൂറ്റിഇരുപത്തിയെട്ടു രൂപയായിരുന്നു. ഒമാൻ റിയാലുമായുള്ള വിനിമയ നിരക്ക് നൂറ്റി എൺപത്തിയൊന്നു രൂപയിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ  ഗൾഫ് നാടുകളിലെ പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണം അയച്ചുതുടങ്ങി. ബലിപെരുന്നാളും ഓണവും അടുത്തതോടെ പണം കൂടുതൽ അയക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. 

അമേരിക്കയുടെ വളർച്ചാനിരക്ക് ഉയർന്നതും ഡോളർ ശക്തിപ്രാപിച്ചതുമാണ് കറൻസി വിപണിയിൽ പ്രതിഫലിച്ചത്. അടുത്ത രണ്ടുമൂന്നു ദിവസത്തേക്ക് ഇതേ നിരക്കു തുടരുമെന്നാണ് സൂചന.