യു.എ.ഇയിൽ പൊതുമാപ്പ് തുടങ്ങുന്നു

യു.എ.ഇയിൽ വീസ നിയമങ്ങൾ ലംഘിച്ച് താമസിക്കുന്ന വിദേശികൾക്കുള്ള പൊതുമാപ്പ് നാളെ തുടങ്ങും. നാളെ മുതൽ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ്. അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക്, താമസം നിയമവിധേയമാക്കാനോ സ്വദേശത്തേക്ക് തിരികെ പോകാനോ ഉള്ള അവസരമാണിത്.

മലയാളികളടക്കം യു.എ.ഇയിൽ അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾ പൊതുമാപ്പ് പൂർണമായും പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. വീസ നിയമം ലംഘിച്ച് താമസിക്കുന്ന വിദേശികൾക്ക് താമസം നിയമവിധേയമാക്കി ഇവിടെ തുടരാം. പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വീസ അനുവദിക്കും. സാമ്പത്തിക ക്രമക്കേട് അടക്കം ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.

പൊതുമാപ്പിലൂടെ മടങ്ങിപ്പോകുന്നവർക്ക് പുതിയ വീസയിൽ വീണ്ടും തിരികെയെത്താം. സാധുതയുള്ള രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിൽ നിന്നോ  കോണ്‍സുലേറ്റിൽ നിന്നോ  ഔട്ട്പാസ് ശേഖരിക്കണം. എമിഗ്രേഷനിൽ റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. ഇതോടെ വിമാന ടിക്കറ്റെടുത്ത് ഇവര്‍ക്ക് നാടുവിടാം. അബുദാബിയിൽ മൂന്നും മറ്റ് എമിറേറ്റുകളിൽ ഓരോന്നുവീതവും പൊതുമാപ്പ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.  

അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായ് കോൺസുലേറ്റ്, വിവിധ അസോസിയേഷനുകൾ, സംഘടനകൾ എന്നിവർ ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്ന മലയാളികളായ പ്രവാസികളെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോർക്ക റൂട്സ് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.