യുഎഇക്ക് പിന്നാലെ വീസാ നിയമം പരിഷ്കരണവുമായി ഒമാൻ

യു.എ.ഇക്കു പിന്നാലെ വീസാ നിയമത്തില്‍ പരിഷ്‌കരണവുമായി ഒമാന്‍. വിദേശികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് താൽക്കാലിക തൊഴിൽ വീസകളിലെത്തുന്നവർക്ക് രാജ്യം വിടാതെതന്നെ സ്ഥിരം ജോലിയിലേക്ക് മാറാമെന്നതാണ് പ്രധാനപ്രത്യേകത.

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്നതാണ് വീസ പരിഷ്കാരങ്ങൾ. ഒരേ തൊഴിലുടമക്ക് കീഴില്‍ പുതിയ വീസയിലേക്ക് മാറുന്നതിന് ഇനി രാജ്യത്തിനു പുറത്തുകടക്കേണ്ടതില്ല എന്നത് സമയ,സാമ്പത്തിക നഷ്ടം ഒഴിവാക്കും. എന്നാൽ, രാജ്യത്തു നിന്നു തന്നെ  തൊഴില്‍ വീസ മാറുന്നതിന് അൻപത് റിയാല്‍ ഫീസ് ഈടാക്കുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി അറിയിച്ചു. 

സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍ക്ക് തൊഴില്‍ വീസ സ്‌പോണ്‍സര്‍ ചെയ്യാനാകുമെന്ന വാര്‍ത്ത തെറ്റാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ വ്യക്തമാക്കി. എന്നാൽ, സർക്കാർ ജീവനക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ വീട്ടുജോലിക്കാരെ നിയമിക്കാനാകും. സ്വന്തമായി കെട്ടിടങ്ങളുള്ള വിദേശികള്‍ക്കും സ്വദേശി സ്‌പോണ്‍സറില്ലാതെ വീസ ലഭിക്കും. ആറു മാസത്തെയെങ്കിലും പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍ക്കു മാത്രമാണ് രാജ്യത്തേക്കു പ്രവേശിക്കുന്നതിനുള്ള വീസ അനുവദിക്കുന്നത്. നിലവിൽ ഇക്കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല.  അതേസമയം, തൊഴില്‍ വീസ, ഫാമിലി, സ്റ്റ്യുഡന്റ്സ് വീസ എന്നിവ ലഭിച്ചവർ മൂന്നു മാസത്തിനകം രാജ്യത്ത് എത്തിയിരിക്കണമെന്നും ബ്രിഗേഡിയര്‍ ജനറല്‍ അറിയിച്ചു.