തീരസുരക്ഷക്ക് വനിതാ ജീവനക്കാർ; കർശനനടപടികളുമായി ദുബായ് പൊലീസ്

ദുബായില്‍ പന്ത്രണ്ട് വനിതാ ജീവനക്കാരെ ഉള്‍പെടുത്തി തീരസുരക്ഷ ശക്തമാക്കുന്നു. ഈ വര്‍ഷം ആറു പേര്‍ മുങ്ങിമരിച്ചതോടെയാണ് സുരക്ഷ കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. 

വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ പന്ത്രണ്ടു വനിതകളാണ് കടലോരങ്ങളുടെയും സന്ദര്‍ശകരുടെയും സുരക്ഷിതത്വം ഏറ്റെടുക്കുന്നത്. വര്‍ഷാവസാനത്തോടെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പതിനെട്ടാക്കി ഉയര്‍ത്തുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. നിലവില്‍ ദുബായിലെ ഏഴു ബീച്ചുകളിലായി നൂറു ലൈഫ് ഗാര്‍ഡുകളുണ്ട്. 

 അപകടത്തില്‍പെട്ടവര്‍ക്ക് എത്രയും വേഗം വൈദ്യസഹായം എത്തിക്കുന്നതിന് എട്ടിടങ്ങളിലായി മറൈന്‍ ആംബുലന്‍ സേവനവും ഏര്‍പ്പെടുത്തുന്നുണ്ട്. സാധാരണ ബീച്ചുകളില്‍ ആറു മണിക്ക് ശേഷം വെള്ളത്തില്‍ ഇറങ്ങരുത്. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിക്കരുത്. ചുവപ്പ് പതാക നാട്ടിയ സ്ഥലങ്ങളില്‍ നീന്താന്‍ പാടില്ല. ലൈഫ് ജാക്കറ്റില്ലാതെയും തനിച്ചും കുട്ടികളെ നീന്താന്‍ വിടരുത്. നിര്‍ദിഷ്ട സ്ഥലത്ത് മാത്രമേ നീന്താന്‍ പാടുള്ളൂ. നീന്താന്‍ അറിയാത്തവര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്നും അത്യാഹിത ഘട്ടങ്ങളില്‍ 999 നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.