വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് വന്‍ വികസനക്കുതിപ്പുമായി ഷാർജ

വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് ഷാർജ വന്‍ വികസനക്കുതിപ്പ് നടത്തുന്നതായി പഠന റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം 597 കോടി ദിര്‍ഹമിന്‍റെ വിദേശ നിക്ഷേപമാണുണ്ടായത്. 2016ല്‍ ഇത് 91.2 കോടിയായിരുന്നു.

എണ്ണയെ മാത്രം ആശ്രയിക്കാതെ റിയൽ എസ്റ്റേറ്റ്, റീട്ടെയ്ൽ, നിർമാണം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ നേട്ടത്തിന് സഹായകമായതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഓക്സ്ഫഡ് ബിസിനസ് ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരാണ് പട്ടികയിൽ ഒന്നാമത്. എളുപ്പത്തിൽ വ്യവസായം തുടങ്ങാനുള്ള സംവിധാനങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിൽ എത്തിക്കാനുള്ള സൌകര്യം തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യൻ സംരംഭകരെ ആകർഷിക്കുന്നത്. നിലവിൽ ഷാർജ ഫ്രീസോണിൽ ഏഴായിരത്തിലധികം ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസന കാഴ്ചപ്പാടുകളാണ് ഇതിന് ആക്കം കൂട്ടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.