ഒമാനില്‍ വിദേശികള്‍ക്കുള്ള തൊഴില്‍ വീസാ നിരോധനം നീട്ടി

ഒമാനില്‍ വിദേശികള്‍ക്കുള്ള തൊഴില്‍ വീസാ നിരോധനം ആറുമാസത്തേക്കു കൂടി നീട്ടി. എൺപത്തിയേഴ് തസ്തികകളിലെ വീസകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് മാനവവിഭവശേഷി മന്ത്രാലയം നീട്ടിയത്. സ്വദേശിവൽർക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജനുവരി തുടങ്ങി പ്രാബല്യത്തില്‍ വന്ന വീസാ നിയന്ത്രണ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെയാണ്  ആറു മാസം കൂടി നീട്ടിയതായി മാനവവിഭവ ശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി ഉത്തരവിട്ടത്. ഇതനുസരിച്ച് ഐ.ടി, അക്കൗണ്ടിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ 2019 ജനുവരി വരെ വിദേശികള്‍ക്ക് വീസ ലഭിക്കില്ല.  മാനവ വിഭവശേഷി, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍ വിഭാഗങ്ങളും ഇതില്‍ ഉള്‍പെടും. മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിങ് ടെക്‌നിക്കല്‍ എന്നിവ ഉൾപ്പെടെ 87 തസ്തികകള്‍ക്കാണ് വീസ നിയന്ത്രണമുള്ളത്. 2013ൽ ആറ് മാസത്തേക്കാണ് ആദ്യം വീസ നിരോധനം ഏർപ്പെടുത്തിയതെങ്കിലും നിരോധനം തുടർച്ചയായി നീട്ടുകയാണ്. പുതിയ വിസാ നിയന്ത്രണങ്ങളിലും ഇത് ആവര്‍ത്തിക്കുന്നതിനാല്‍ ഒമാനില്‍ വിദേശികളുടെ ജോലിസാധ്യതയ്ക്ക് കൂടുതല്‍ മങ്ങലേല്‍ക്കുമെന്നാണ് സൂചന.