ഡൂഡില്‍ ആര്‍ട്ടിലെ മലയാളി സാന്നിധ്യം

gw-doodle-art-t
SHARE

നൂതന ചിത്ര രചനാ ശൈലിയായ ഡൂഡില്‍ ആര്‍ട്ടില്‍ രാജ്യാന്തര ശ്രദ്ധ നേടിയ ഒരു കലാകാരനെയാണ് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സിജിന്‍ ഗോപിനാഥ് ആണ് കലാരംഗത്ത് തന്‍റേതായ സാമ്രാജ്യം വരച്ചുചേര്‍ത്തത്.

ചിത്രകലയില്‍ വ്യത്യസ്ത ശൈലി ആവിഷ്കരിക്കുന്നതില്‍ മികവു പുലര്‍ത്തുന്നയാളാണ് സിജിന്‍ ഗോപിനാഥന്‍. ടെക്നോ പാര്‍ക്കില്‍ വെബ് ഡിസൈനറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ദുബായിലെത്തിയത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായ സിജിന്‍റെ ഒഴിവ് സമയ വിനോദമാണ് വരയും നൂതന പരീക്ഷണവും. കാലോചിതമായ പരിഷ്കാരം വരയില്‍കൊണ്ടുവന്ന് വ്യത്യസ്തനാവുക എന്നതാണ് സിജിന്‍റെ മുഖമുദ്ര.

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഡൂഡില്‍ ആര്‍ട്ടാണ് ഗള്‍ഫില്‍ സിജിനെ ശ്രദ്ധേയനാക്കിയത്. കുറഞ്ഞകാലംകൊണ്ട് അറിയപ്പെടുന്ന ഡൂഡില്‍ ആര്‍ട്ടിസ്റ്റായി. വേള്‍ഡ് ആര്‍ട്ട്, ഗ്ലോബല്‍ വുമണ്‍ ഇന്‍ ഇക്കണോമിക് ഫോറം ഉള്‍പെടെ രാജ്യാന്തര വേദികളില്‍ ആസ്വാദകരുമായി സംവദിച്ച് തല്‍സമയം വരയ്ക്കാനും സിജിന് അവസരം ലഭിച്ചിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ആസ്വാദകരെ വരയിലും വാക്കിലും വിസ്മയിപ്പിക്കാൻ ഈ കലാകാരന് കഴിഞ്ഞുവെന്നതാണ് വിജയം. 

വേള്‍ഡ് ആര്‍ട്ട് ദുബായ്, ദ് ഹോട്ടല്‍ ഷോ അടക്കം പന്ത്രണ്ടോളം വേദികളിലും സിജിന്‍റെ ഡൂഡില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈദ് ആശംസകൾക്ക് നിറം ചാർത്താൻ പൊതുജനങ്ങൾക്ക് ദുബായ് മാള്‍ അവസരം നൽകിയപ്പോൾ തിരഞ്ഞെടുത്തത് സിജിന്‍റെ ഡൂഡില്‍ ആര്‍ട്ടായിരുന്നു. സിജിന്റെ കലാസൃഷ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സന്ദർശിക്കുന്ന ദുബായ് മാളിൽ പ്രദർശിപ്പിക്കപ്പെട്ടത് മലയാളികൾക്ക് അഭിമാനമായി. 

ഏറ്റവും ഒടുവില്‍ ദ് സിറ്റി വാക്കില്‍ സോളോ പ്രദര്‍ശനവും നടത്തി. സിജിന്‍റെ ചിത്രങ്ങള്‍ വെബ്സൈറ്റിലൂടെ കണ്ട സംഘാടകര്‍ ഡൂഡില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

അബ്സ്ട്രാക്ട് പെയിന്‍റിങില്‍ ഡൂഡില്‍ സമന്വയിപ്പിച്ചുള്ള പ്രത്യേക സീരിസിലാണ് സിജിന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ശൈലികളിലെ വര വഴങ്ങുമെങ്കിലും കലാകാരനെന്ന നിലയില്‍ പൂര്‍ണത വരുന്നത് ഇതിലാണെന്ന് സിജിന്‍ പറയുന്നു. സീരീസ് പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്ത് പ്രത്യേക പ്രദര്‍ശനം നടത്തും.  

സ്വര്‍ണ വര്‍ണവും കറുപ്പും ചേര്‍ത്തുള്ള മറ്റൊരു സീരീസും ചെയ്തുവരുന്നുണ്ട്. ജന്മനാ ലഭിച്ച വരയെ വര്‍ണലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചത് മാതാപിതാക്കളുടെ പിന്തുണയാണ്. രാജാരവിവര്‍മ ചിത്രങ്ങളോടായിരുന്നു ആദ്യകാല പ്രണയം. പിന്നീടാണ് നിറങ്ങളെ കൂട്ടുപിടിച്ചത്. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ഒന്നര വയസുള്ള നോറയും ബ്രഷെടുക്കാന്‍ തുടങ്ങി. ഭാര്യ ശ്രീദേവിയും മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് സിജിന്‍ വ്യക്തമാക്കി.

MORE IN GULF
SHOW MORE