ഖത്തർ രാജകുടുംബത്തിന് ഛായാചിത്രം വാഗ്ദാനം ചെയ്ത് 6 കോടി തട്ടിപ്പ്; മലയാളികളെ തേടുന്നു

ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച് ആറു കോടി രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊടുങ്ങല്ലൂർ ശാഖയിലെ ആർദ്ര എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണു പണം ട്രാൻസ്ഫർ ചെയ്തത്. രാജകുടുംബാംഗത്തിന്റെ പ്രതിനിധി ജില്ലാ പൊലീസ് മേധാവിക്കു ഇമെയിലിൽ നൽകിയ പരാതിയെ തുടർന്നു പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അക്കൗണ്ട് ഉടമയെ കുറിച്ചു പൊലീസിനു സൂചനകൾ ലഭിച്ചു. ശാന്തിപുരം സ്വദേശികളായ ദമ്പതികളാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണു വിവരം. ഖത്തർ രാജകുടുംബാംഗത്തിന്റെ ഛായാചിത്രം സവിശേഷതകളോടെ നിർമിച്ചു നൽകാമെന്ന വാഗ്ദാനവുമായി അമേരിക്കൻ പൗരനാണു രാജകുടുംബാംഗത്തെ സമീപിച്ചതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  

രാജകുടുംബത്തിന്റെ പ്രതിനിധിയായി കോഴിക്കോട് സ്വദേശിയാണു തൃശൂർ റൂറൽ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ടു എന്നു പറയപ്പെടുന്ന അമേരിക്കൻ പൗരനെ കുറിച്ചുള്ള അന്വേഷണമടക്കം രാജ്യാന്തര ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു. 

ഖത്തർ രാജാവിന്റെ ഛായാചിത്രം നിശ്ചിത വലുപ്പവും സ്വർണമടക്കമുള്ള ലോഹങ്ങളും ഉപയോഗിച്ചു നിർമിച്ചു നൽകാമെന്ന വ്യാജേനയാണ് അമേരിക്കൻ കമ്പനിയുടെ പ്രതിനിധി എന്നു പരിചയപ്പെടുത്തിയ അമേരിക്കൻ പൗരൻ രാജകുടുംബാംഗത്തെ സമീപിക്കുന്നത്. ചിത്രം ഇന്ത്യയിലാണു തയാറാക്കുക എന്നതു ചൂണ്ടിക്കാട്ടിയാണു കൊടുങ്ങല്ലൂരിലെ അക്കൗണ്ട് നൽകിയതും ഇതുപ്രകാരം ഏകദേശം ആറു കോടി ഇന്ത്യൻ രൂപയുടെ മൂല്യമുള്ള  32 ലക്ഷം ഖത്തർ റിയാൽ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തതും. കബളിപ്പിക്കപ്പെട്ടെന്നു ബോധ്യപ്പെട്ടതോടെയാണു രാജ കുടുംബത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി മുഖേന പരാതി നൽകിയത്.