നിപ ഭയം; കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദിയിൽ വിലക്ക്

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൌദി അറേബ്യയിലും വിലക്ക്. ഇതു സംബന്ധിച്ച നിർദേശം എല്ലാ വകുപ്പുകൾക്കും കൈമാറിയതായി സൌദി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നേരത്ത, യു.എ.ഇയും ബഹ്റിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.  

കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാര്യോഗ സംഘടനയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് സൌദി പരിസ്ഥിതി മന്ത്രാലയത്തിന്ൻെ നടപടി. കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ഇറക്കുമതി താൽക്കാലികമായി നിരോധിച്ചതായാണ് ഉത്തരവ്. നിപ വൈറസുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കടകളിൽ നിന്ന് വാങ്ങുന്ന പഴം, പച്ചക്കറികൾ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കണമെന്നും ഏതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും നിർദേശമുണ്ട്. തൊഴിൽ, പരിസ്ഥിതി, വ്യവസായം, വ്യോമയാന മന്ത്രാലയങ്ങളിലെ വിവിധവകുപ്പുകൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. നിപ വൈറസ് ബാധയെത്തുടർന്ന് ബഹ്റിനും യുഎഇയും സമാനമായ നിർദേശം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചിരുന്നു.