ലിനിയുടെ ജീവത്യാഗത്തിന് കടലിനക്കരെനിന്ന് കൈത്താങ്ങ്; മക്കളുടെ പഠനമേറ്റെടുത്ത് യുഎഇ മലയാളികള്‍

നിപ്പ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മക്കളുടെ സമ്പൂർണ പഠന ചെലവ് ഏറ്റെടുത്ത് പാലക്കാട് നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. നിപ്പാ വൈറസ് ബാധിച്ച രോഗിയെ പരിപാലിക്കുന്നതിനിടെ മരണപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മരണം കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയിരുന്നു. ഈ അവസരത്തിലാണ് പറക്കമുറ്റാത്ത ലിനിയുടെ മക്കളായ രണ്ട് വയസ്സുകാരൻ സിദ്ധാർഥിന്റേയും അഞ്ചു വയസ്സുകാരൻ ഋതുലിന്റെയും ഈ അധ്യന വർഷം മുതൽ പ്രഫഷനൽ വിദ്യാഭ്യാസമോ, ബിരുദാനന്തര ബിരുദമോ വരെയുള്ള സമ്പൂർണ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചത്. 

അബുദാബിയിൽ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരാണ് ഇൗ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളുടെ സമ്പൂർണ വിദ്യാഭ്യാസ ചെലവുകൾ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വഹിക്കുന്നതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ രേഖകൾ ഉടൻ ലിനിയുടെ കുടുംബത്തിന് അധികൃതർ കൈമാറും.  

‘ആതുരശുശ്രൂഷയ്‌ക്ക്‌ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തിയ ലിനിയെ ഓരോ മലയാളിയും അഭിമാനത്തോടെ എന്നും ഓർക്കും. ലിനി തന്റെ കുടുംബത്തിന് വേണ്ടി എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നലെ വായിക്കാനിടയായി. അമ്മയുടെ വിയോഗം പോലും തിരിച്ചറിയാൻ പ്രായമായിട്ടില്ലാത്ത ആ കുട്ടികൾ ഒരു കുറവും കൂടാതെ വളരണം എന്നതിനാലാണ് ഇങ്ങനൊരു തീരുമാനമെന്ന്’ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ജ്യോതി പാലാട്ട് അറിയിച്ചു.  

പാലക്കാട് ജില്ലയിൽ നിപ്പാ വൈറസ് രോഗബാധയെ ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി പ്രത്യേക പരിപാടികൾ അവൈറ്റിസ് നടത്തി വരികയാണ്. നിപ്പാ വൈറസിനെ കുറിച്ച് ഒരു നാടിനെ മുഴുവൻ ബോധവാന്മാരാക്കിയിട്ടാണ് ലിനി യാത്ര പറഞ്ഞത്. തന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ കർമ്മനിരതയായിരുന്ന ലിനിക്കും അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്ന ആ മക്കൾക്കുള്ള ഒരു താങ്ങും കരുതലുമായാണ് ഞങ്ങൾ ഇതിനെ കാണുന്നതെന്ന് മറ്റൊരു ഡയറക്ടറായ ശാന്തി പ്രമോദും പറഞ്ഞു.