നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും പത്തു വര്‍ഷത്തെ വീസയുമായി യുഎഇ

വന്‍ നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും പത്തു വര്‍ഷത്തെ താമസ വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനം. ഈ വര്‍ഷം തന്നെ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യാന്തര നിക്ഷേപകര്‍, ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങി പ്രൊഫഷണലുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പത്തു വര്‍ഷത്തെ വീസ ലഭിക്കുക. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെയും ഈ ഗണത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.  യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭാ തീരുമാനം ട്വീറ്റ് ചെയ്തത്. കുടിയേറ്റ നിയമം ഭേദഗതി ചെയ്താണ് പത്തു വര്‍ഷ വീസയ്ക്ക് അംഗീകാരം നല്‍കിയത്. രാജ്യാന്തര നിക്ഷേപകര്‍ക്ക് നൂറുശതമാനം ഉടമസ്ഥാവകാശം നല്‍കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്പ്. ഇത് ആഗോള നിക്ഷേപകരെ യുഎഇയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിലയിരുത്തുന്നു.