ഭക്ഷണം പോലുമില്ലാതെ 40 ദിവസം അജ്മാനിൽ; അച്ഛൻ തിരഞ്ഞ ശ്രീകുമാറിനെ കണ്ടെത്തി

നാൽപത് ദിവസം മുൻപ് അജ്മാനിൽ നിന്ന് കാണാതായ തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് വലിയപറമ്പിൽ നീലാംബരന്റെ മകൻ ശ്രീകുമാറി(35)നെ അജ്മാൻ കോർണിഷിൽ കണ്ടെത്തി. മനോരമ ഓൺലൈൻ വാർത്ത കണ്ട് ഇയാളെ തിരിച്ചറിഞ്ഞ വർക്കല സ്വദേശി ഉമേഷ് മകനെ അന്വേഷിച്ച് നാട്ടിൽ നിന്നെത്തിയ പിതാവ് നീലാംബരനെ വിവരമറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ രാത്രി എട്ടിന് നീലാംബരനും ബന്ധുക്കളും ചെന്ന് ശ്രീകുമാറിനെ താമസ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.

അജ്മാനിലെ ഒരു ട്രാവൽസിൽ ടിക്കറ്റ് ക്ലാർക്കായി ജോലി ചെയ്തിരുന്ന ശ്രീകുമാറി(35)നെ ഏപ്രില്‍ 12 മുതലാണ് താമസ സ്ഥലത്ത് നിന്ന്  കാണാതായത്. ഇയാൾ ഒാഫീസിലെത്താത്തതിനാൽ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം ട്രാവൽസ് ഉടമ അറിഞ്ഞത്. ആശുപത്രി, ജയിൽ, മോർച്ചറി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് പിതാവ് ഇൗ മാസം ഒൻപതിന് നാട്ടിൽ നിന്നെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പരിചയക്കാരോടൊപ്പം അദ്ദേഹവും അന്വേഷണം നടത്തി. അജ്മാൻ മദീന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് പൊലീസും അന്വേഷണം നടത്തിവരികയായിരുന്നു. 

കഴിഞ്ഞ രണ്ട് വർഷമായി ശ്രീകുമാർ ജോലി ചെയ്തിരുന്ന അജ്മാനിലെ ട്രാവൽസിൽ നിന്ന് കൃത്യമായി ശമ്പളം ലഭിക്കാത്തതും പാസ്പോർട് നൽകാത്തതിലുമുള്ള വിഷമമാണ് ഇത്രയും ദിവസം കോർണിഷിൽ കഴിയാൻ കാരണമെന്ന് ശ്രീകുമാർ പിതാവിനോട് പറഞ്ഞു. കൃത്യമായി ഭക്ഷണം കഴിക്കാതെയായിരുന്നു കഴിഞ്ഞിരുന്നത്. റമസാൻ തുടങ്ങിയതോടെ തൊട്ടടുത്തെ പള്ളിയിൽ നിന്ന് വൈകിട്ട് ഭക്ഷണം കഴിച്ചു. തന്നെ അന്വേഷിച്ച് പിതാവ് നാട്ടിൽ നിന്ന് വന്നതൊന്നും അറിഞ്ഞിരുന്നില്ല. നിയമ നടപടികൾ പൂർത്തീകരിച്ച് മകനെയും കൊണ്ട് നാട്ടിലേയ്ക്ക് പോകുമെന്ന് നീലാംബരൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

അതേസമയം, ശ്രീകുമാർ ഒരു വർഷം മുൻപാണ് തങ്ങളോടൊത്ത് ജോലി ചെയ്തിരുന്നതെന്നും ശമ്പള കുടിശ്ശിക നൽകാനില്ലെന്നും ട്രാവൽസ് ഉടമ പ്രതികരിച്ചു. കാണാതാകുന്നതിന് 10 ദിവസം മുൻപ് കുറച്ചുനാൾ വീണ്ടും ജോലിക്ക് എത്തിയിരുന്നു. പിന്നീട്, നാട്ടിലേയ്ക്ക് പോകണമെന്ന് പറഞ്ഞു. നന്നായി മദ്യപിക്കുന്ന സ്വഭാവക്കാരനായതിനാലാണ് പാസ്പോർട് കൈയിൽ  കൊടുക്കാൻ തയ്യാറാകാത്തതെന്നും പറഞ്ഞു. കൂടെ ജോലി ചെയ്യാതിരുന്നിട്ടും ശ്രീകുമാറിനെ കാണാതായപ്പോൾ പല സ്ഥലങ്ങളിലും അന്വേഷിച്ചു. ഇപ്പോൾ ശ്രീകുമാർ പറയുന്നത് കള്ളമാണെന്നും ഉടമ വ്യക്തമാക്കി.