ഗൾഫിൽ ഈത്തപ്പഴ വിപണി സജീവം

നോന്പുകാലമായതോടെ ഗൾഫിൽ ഈത്തപ്പഴ വിപണി സജീവമായി. നാടൻ ഈത്തപ്പഴങ്ങൾക്ക് പുറമേ വിദേശരാജ്യങ്ങളിലെ ഈത്തപ്പഴങ്ങൾക്കും യുഎഇ വിപണിയൽ പ്രിയമേറെയാണ്.

ഈത്തപ്പഴമില്ലാതെ ഒരു നോന്പുതുറയില്ല. അതുകൊണ്ട് തന്നെ നോന്പുകാലം ഈത്തപ്പഴ വിപണിയുടെ നല്ല കാലമാണ്. പല തരത്തിലും ഗുണത്തിലുമുള്ള ഈത്തപ്പഴങ്ങൾ വാങ്ങാനുള്ള തിരക്കാണ് യുഎഇയിലെ വിവിധ ഈത്തപ്പഴ വിപണികളിൽ. സൌദി, ഒമാൻ, ജോർദാൻ, പലസ്തീൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങളും യുഎഇ വിപണിയിലെത്തുന്നുണ്ട്. വകഭേദങ്ങളനുസരിച്ച് കിലോയ്ക്ക് പത്ത് ദിർഹം മുതൽ 250 ദിർഹം വരെയാണ് ഈത്തപ്പഴത്തിൻറെ വില. സൌദിയിൽ നിന്നെത്തുന്ന മജ്ദൂളിനും അജ്വയ്ക്കുമാണ് ആവശ്യക്കാരേറെ.

ഈത്തപ്പഴം വിളവെടുക്കുന്ന സമയം ആയിട്ടില്ലാത്തതിനാൽ കഴിഞ്ഞ വർഷം വിളവെടുത്ത ഈത്തപ്പഴങ്ങളാണ് പ്രധാനമായും വിപണികളിലേക്കെത്തുന്നത്. എങ്കിലും പാതി പഴുത്ത ഈത്തപ്പഴങ്ങൾ ഒമാനിൽ നിന്നും മറ്റും യുഎഇയിലേക്ക് എത്തുന്നുണ്ട്. ഈത്തപ്പഴങ്ങൾക്ക് പുറമേ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിവിധ തരത്തിലുള്ള വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്.