ഗില്‍ഡിന്‍റെ ആദ്യ ചിത്രപ്രദര്‍ശനം ദുബായില്‍

കലയില്‍ ഒന്നിച്ച മലയാളി ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഗില്‍ഡിന്‍റെ ആദ്യ ചിത്രപ്രദര്‍ശനം ദുബായില്‍‍ ആരംഭിച്ചു. അല്‍റിഖ മെട്രോ സ്റ്റേഷന് സമീപം സുല്‍ത്താന്‍ ബിന്‍ അലി അല്‍ ഒവൈസ് കള്‍ചറല്‍ ഫൌണ്ടേഷന്‍ ആന്‍ഡ് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം 17 വരെ നീണ്ടുനില്‍ക്കും

വാക്കുകളില്ലാത്ത കവിതയാണ് ചിത്രം എന്ന പ്രമേയത്തില്‍ 16 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ശില്‍പങ്ങളും ഇന്‍സ്റ്റലേഷനും ഉള്‍പെടും.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ഇന്‍സ്റ്റലേഷനിലൂടെയും ചിത്രത്തിലൂടെയുമാണ് പ്രദര്‍ശനത്തിലേക്ക് ആസ്വാദകരെ ആനയിക്കുന്നത്. അമ്പതോളം സൃഷ്ടികള്‍ ഇടംപിടിച്ച പ്രദര്‍ശനം ഡോക്ടര്‍ മുഹമ്മദ് അല്‍മുതവ ഉദ്ഘാടനം ചെയ്തു. 

ചിത്രകലയില്‍ പരമ്പരാഗത, നൂതന ശൈലികള്‍ സമന്വയിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത മാധ്യമങ്ങളും വിവിധ ഇസങ്ങളും ചേര്‍ന്ന സൃഷ്ടികളുമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളിലേക്കും സമകാലിക സംഭവങ്ങളിലേക്കും പ്രദര്‍ശനം വെളിച്ചം വീശുന്നു.