സൗദിയിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി സർക്കാർ

soudi-arabia
SHARE

സൌദിയിൽ തിയേറ്ററുകൾക്ക് അനുമതി നൽകിയതിന് പിന്നാലെ രാജ്യത്ത് ചിത്രീകരിക്കുന്ന സിനിമകൾക്ക് വമ്പൻ ആനുകൂല്യവുമായി സൌദി സർക്കാർ. സൌദിയിൽ നിന്നുള്ള കലാകാരൻമാരെ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനങ്ങൾ.

വർഷങ്ങൾ നീണ്ട നിരോധനത്തിന് ശേഷം കഴിഞ്ഞ മാസം മുതലാണ് സൌദി അറേബ്യയിൽ സിനിമകൾ പ്രദർശിപ്പിച്ച് തുടങ്ങിയത്. സിനിമകൾക്ക് രാജ്യത്ത് ലഭിച്ച വൻ സ്വീകാര്യത കണക്കിലെടുത്തു കൂടിയാണ് സൌദി അറേബ്യയിൽ സിനിമ വ്യവസായം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചത്. സൌദിയിൽ ചിത്രീകരിക്കുന്ന വിദേശ സിനിമകൾക്ക് വിവിധ ഫീസുകളിൽ 35 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സിനിമയിൽ പ്രവർത്തിക്കുന്നവരിൽ ഒരു നിശ്ചിത ശതമാനം സ്വദേശികളായാരിക്കണം. ഇതിനു പുറമേ സൌദിയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ പ്രതിഫലത്തിൻറെ അന്പത് ശതമാനം സർക്കാർ വഹിക്കുമെന്നും സൌദി അറേബ്യൻ ജനറൽ കൾച്ചറൽ അതോറിറ്റി വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കാൻ ചലച്ചിത്രോൽസവത്തിൻറെ ഭാഗമായി നടന്ന പ്രത്യേക ചർച്ചകളിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇതിനു പുറമേ സൌദി യുവാക്കൾക്ക് സിനിമാ സംബന്ധിയായ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിന് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരണയിലെത്തുമെന്നും അധികൃതർ അറിയിച്ചു. സൌദി അറേബ്യയെ ലോകത്തെ ഏറ്റവും മികച്ച വിനോദ വ്യവസായ മേഖലകളിലൊന്നാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നടപടികൾ. 

MORE IN GULF
SHOW MORE