ഷെയ്ഖ് സായിദിന് ആദരമായി ഇന്ത്യക്കാരന്‍റെ ഫോട്ടോ പ്രദര്‍ശനം

ജന്മശതാബ്ദിയില്‍ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന് ആദരമായ ഇന്ത്യക്കാരന്‍റെ ഫോട്ടോ പ്രദര്‍ശനം. യുഎഇ രാജകുടുംബാംഗങ്ങളുടെ ഔദ്യോഗിക ഫൊട്ടൊഗ്രഫര്‍ രമേഷ് ശുക്ലയാണ് അത്യപൂര്‍വ ഫോട്ടോകളുടെ പ്രദർശനമൊരുക്കിയിരിക്കുന്നത്. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ ആരംഭിച്ച പ്രദര്‍ശനം ഒരാഴ്ച നീണ്ടുനില്‍ക്കും.

യുഎഇയുടെ ഔദ്യോഗിക മുദ്രകളിലൊന്നായി മാറിയ ഈ രാഷ്ട്രരൂപീകരണ ചിത്രം രമേശ് ശുക്ലയുടെ ക്യാമറക്കണ്ണിൽ പിറവിയെടുത്തതാണ്. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ഷെയ്ഖ് സായിദിനൊപ്പം യുഎഇ പതാകയ്ക്ക് കീഴിൽ ഒന്നിച്ച് നിൽക്കുന്ന ഈ ചിത്രം യുഎഇയുടെ ചരിത്രത്തിൻറെ ഭാഗമായി മാറുകയായിരുന്നു. ഒപ്പം ഷെയ്ഖ് സായിദിൻറെ വന്പൻ ചിത്രവും അത് പകർത്തിയ ക്യാമറയും പ്രദർശനത്തിലുണ്ട്. രാഷ്ട്ര രൂപീകരണത്തിന് മുന്‍പും ശേഷവും രമേഷ് പകര്‍ത്തിയ ചിത്രങ്ങള്‍ ചരിത്രം പറയുന്നവയാണ്.

ദുബായുടെ മുന്‍ ഭരണാധികാരിയായ ഷെയ്ഖ് മക്തൂമിന്‍റെ വിവാഹ വേളയില്‍ ഷെയ്ഖ് സായിദ് നൃത്തം ചെയ്യുന്ന ചിത്രവും കൌതുകമുണർത്തും. ഇരുപതാം വയസില്‍ യുഎഇയിലെത്തി രാഷ്ട്രനേതാക്കളോടൊപ്പം സഞ്ചരിച്ച് ചരിത്രം ഒപ്പിയെടുത്ത രമേഷ് ശുക്ല എണ്‍പതാം വയസിലും കര്‍മനിരതനാണ്. രമേഷ് വെറുമൊരു ഫൊട്ടൊഗ്രഫറല്ല, യുഎഇയുടെ ചരിത്രത്തിൻറെ ഭാഗമാണ് അദ്ദേഹവും അദ്ദേഹത്തിൻറെ ക്യാമറയും.