മലിനീകരണത്തിനെതിരെ മരിസ്കയുടെ വ്യത്യസ്ത ബോധവത്കരണം

മലീനീകരണത്തിനെതിരെ വ്യത്യസ്തമായ ബോധവൽക്കരണവുമായി ശ്രദ്ധേയയാവുകയാണ് ദക്ഷിണാഫ്രിക്കക്കാരി മരിസ്ക. താൻ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച്, പുനരുപയോഗിക്കുകയാണ് ഇവർ. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പ്ലാസ്റ്റിക്ക് കൊണ്ട് പ്രത്യേക വസ്ത്രവും ഇവർ രൂപകൽപന ചെയ്തിട്ടുണ്ട്.

പാഴ്വസ്തുക്കൾ പാഴാക്കരുതെന്ന സന്ദേശമാണ് ദക്ഷിണാഫ്രിക്കക്കാരി മരിസ്കയുടെ ജീവിതം. അതുകൊണ്ട് തന്നെ തൻറെ ജീവിതശൈലിയുടെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങൾ ഒരു തരിപോലും കളയാതെ ശേഖരിച്ച്, സൂക്ഷിക്കുകയാണിവർ. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് മനോഹരമായ കലാസൃഷ്ടികളും ഇവർ ഒരുക്കുന്നു. ശരീരത്തോട് ചേർത്ത് കെട്ടിയിരിക്കുന്ന ബാഗിലാണ് ഇവർ മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഒരുമാസം കൊണ്ട് മരിസ്ക സൃഷ്ടിച്ചത് അന്പത് കിലോയോളം മാലിന്യമാണ്. വെയ്സ്റ്റ് മി നോട്ട് എന്നാണ് ഈ ദൌത്യത്തിൻറെ പേര്.

ഇത്തരത്തിൽ പാഴ്വസ്തുക്കളിൽ നിന്ന് മരിസ്ക സൃഷ്ടിച്ച കലാസൃഷ്ടികൾ ദുബായിൽ നടക്കുന്ന വേൾഡ് ആർട്ടിലും തരംഗമായി കഴിഞ്ഞു. വെള്ളക്കുപ്പിയുടെ റാപ്പ്, അടപ്പ്, ടിന്‍, പാല്‍കുപ്പി എന്നിവ ഉപയോഗിച്ചാണ് കലാസൃഷ്ടികളൊരുക്കിയത്. സംസ്കരണത്തോടൊപ്പം പുനരുപയോഗത്തിന് കൂടി പ്രാധാന്യം നൽകി പഴ്വസ്തുക്കളില്ലാതാക്കണമെന്നാണ് ഇവരുടെ സന്ദേശം.