കുവൈത്ത് പൊതുമാപ്പ് :എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇന്ത്യന്‍ എംബസി നിര്‍ത്തിവച്ചു

കുവൈത്ത് പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കാനിരിക്കെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇന്ത്യന്‍ എംബസി നിര്‍ത്തിവച്ചു. ഇതോടകം 11,000 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണ് ഇന്ത്യന്‍ എംബസി അനുവദിച്ചത്.

ജനുവരി 29നാണ് കുവൈത്തില്‍ പൊതുമാപ്പ് ആരംഭിച്ചത്. അന്നുതൊട്ടുതന്നെ ഇന്ത്യന്‍ എംബസി എമർജൻസി സർടിഫിക്കറ്റിനുള്ള അപേക്ഷയും സ്വീകരിച്ചു തുടങ്ങിയിരുന്നു. പൊതുമാപ്പ് അവസാനിക്കുന്നതോടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എംബസി നിര്‍ത്തിവച്ചു.  ഇതോടകം 11,000 ഇന്ത്യക്കാരാണ് എമർജൻസി സർടിഫിക്കറ്റ് കൈപ്പറ്റിയത്. ഇവരില്‍ മുഴുവൻ പേരും രാജ്യം വിട്ടുപോയോ എന്നത് വ്യക്തമല്ല. സാധുതയുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് നേരിട്ട് യാത്രാനുമതി നല്‍കിയിരുന്നു. ഇതുകൂടാതെ പിഴയടച്ച് ഇഖാമ സാധുതയുള്ളതാക്കി മാറ്റിയവരും ധാരാളമുണ്ട്. മൊത്തത്തില്‍ മുപ്പതിനായിരത്തോളം അനധികൃത ഇന്ത്യക്കാര്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്. 

ഇവരില്‍ പതിനയ്യായിരത്തോളം ആളുകള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. വിവിധ രാജ്യക്കാരായ ഒന്നര ലക്ഷത്തോളം നിയമലംഘകര്‍ ഉണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടല്‍ ഇതില്‍ 55,000ത്തോളം പേരാണ് മൂന്നു മാസത്തോളം നീണ്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ശേഷിച്ചവര്‍ എത്രയും വേഗം രാജ്യം വിടണമെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.