ചെക്ക് പോയിന്റിൽ വെടിവയ്പ്, സൗദിയിൽ 4 പൊലീസുകാർ കൊല്ലപ്പെട്ടു

റിയാദ് : തെക്കൻ പ്രവിശ്യയായ അസീറിലെ ചെക്ക് പോയിന്റിലുണ്ടായ വെടിവയ്പിൽ നാല് സൗദി പൊലീസ് ഉദ്യോഗസ്ഥർ മരിക്കുകയും നാല് പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്. രണ്ട് സൗദി സ്വദേശികളെ അറസ്റ്റ് ചെയ്തു. എന്നാൽ, അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ചയായിരുന്നു സംഭവം. അക്രമി സംഘത്തിൽ രണ്ടിലേറെ പേരുണ്ടായിരുന്നുതായി സൗദി പ്രസ് ഏജൻസി റിപോർട് ചെയ്തു. ചെക്ക് പോസ്റ്റിലെത്തിയ സംഘം യാതൊരു കാരണവും കൂടാതെ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അയൽ രാജ്യമായ യെമനിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമാണ് ഇൗ അക്രമസംഭവമെന്ന് സംശയിക്കുന്നു.