നിയമക്കുരുക്കില്‍പെട്ട് ഷാര്‍ജയിലെ പുറംകടലില്‍ പതിനാറു കപ്പല്‍ ജീവനക്കാര്‍

നിയമക്കുരുക്കില്‍പെട്ട് ഷാര്‍ജയിലെ പുറംകടലില്‍ മലയാളിയടക്കം പതിനാറു കപ്പല്‍ ജീവനക്കാര്‍ നരക യാതനയില്‍. 15 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് ഒരു വര്‍ഷമായി നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്നത്.

ഷാര്‍ജയില്‍നിന്നും 11 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന എംടി സോയ-1ലെ ജീവനക്കാരാണ് ദുരിതത്തില്‍ കഴിയുന്നത്. കപ്പല്‍ ഉടമകള്‍ സ്വിസ് ബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കോടതി വിധി പ്രകാരം കപ്പല്‍ തടഞ്ഞുവച്ചിരിക്കുകയാണ്. യുഎഇ തീരദേശസേന കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജീവനക്കാരുടെ പാസ്പോര്‍ട്ടും സീമെന്‍ കാര്‍ഡും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. പലര്‍ക്കും അഞ്ചു മാസത്തെ ശമ്പളം കിട്ടാനുണ്ടെന്ന് കോട്ടയം സ്വദേശിയും ഫോര്‍ത്ത് എന്‍ജിനീയറുമായ ജോബിന്‍ ഇമ്മാനുവല്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് കമ്പനിക്ക് ഇമെയില്‍ അയച്ചിട്ടും നടപടിയുണ്ടായില്ല. ഇതുസംബന്ധിച്ച് കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഏറ്റവും ഒടുവില്‍ ഏപ്രില്‍ പത്തിന് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പാഴ്വാക്കായി. ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കുന്നില്ല. ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. രണ്ടു ജീവനക്കാര്‍ കപ്പലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സൂചനയുണ്ട്.