സൗദിയിൽ വീണ്ടും സിനിമ എത്തുന്നു

35 വർഷത്തെ നിരോധനത്തിന് ശേഷം സൗദിയിൽ വീണ്ടും സിനിമ എത്തുന്നു. ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തറാണ് നിരോധനം നീക്കിയ ശേഷമെത്തുന്ന ആദ്യസിനിമ.

റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ എം.എം.സി തിയേറ്ററിൻറെ സ്ക്രീനിൽ ബ്ലാക് പാന്തർ എന്ന പേരു തെളിയുന്പോൾ സൌദിയിൽ ഉയരുന്നത് മാറ്റത്തിൻറെ പുതിയ ശബ്ദമാണ്. സൌദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻറെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് സിനിമാ പ്രദർശനത്തിനുള്ള വിലക്ക് നീക്കിയത്. അമേരിക്കയിൽ നിന്നുള്ള AMC എൻറർടെയിൻമെൻറും സൌദിയിലെ ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് എൻറർടെയ്ൻമെൻറ് കന്പനിയും ചേർന്നാണ് റിയാദിൽ ആദ്യ തിയേറ്റർ തുറന്നത്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും ആദ്യ ഏതാനും ദിവസങ്ങളിൽ സിനിമ കാണാൻ സാധിക്കുക. മെയ് മാസും മുതൽ പൊതുജനങ്ങൾക്കും തിയേറ്ററിൽ പ്രവേശനം ലഭിക്കും. മുപ്പത്തിയഞ്ച് റിയാലായിരിക്കും ടിക്കറ്റ് നിരക്ക്. ഈ വർഷം പകുതിയോടെ റിയാദിൽ മൂന്നു തിയേറ്ററുകൾ കൂടി തുറക്കും. ഈ വർഷം അവസാനിക്കും മുന്പ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 30 തിയേറ്ററുകൾ തുറക്കാനാണ് പദ്ധതി. 1983ലാണ് സൌദി അറേബ്യയിൽ തിയേറ്ററുകൾ നിരോധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഈ നിരോധനം നീക്കി സൌദി രാജാവ് ഉത്തരവിട്ടത്.