ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ താത്കാലിക വിസ അനുവദിക്കും

യുഎഇ വിമാനത്താവളങ്ങൾ വഴി കടന്നു പോകുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് താൽക്കാലിക വിസ അനുവദിക്കാൻ മന്ത്രിസഭയുടെ അനുമതി. ഇതുസംബന്ധിച്ച നയം രൂപീകരിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തി.‌

വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ട്രാൻസിറ്റ് യാത്രക്കാർക്ക് എൻട്രി വീസ അനുവദിക്കുന്നത്. ഈ വീസ ഉപയോഗിച്ച് ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കാൻ സാധിക്കും. യുഎഇയിലുള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ സന്ദർശിക്കാനും ട്രാൻസിറ്റ് യാത്രക്കാർക്ക് സൌകര്യമുണ്ടാകും. ദുബായ് വഴി യാത്ര ചെയ്യുന്ന പല യാത്രക്കാരും അടുത്ത വിമാനത്തിനായി മണിക്കൂറുകൾ വിമാനത്താവളത്തിൽ  ചെലവഴിക്കാറുണ്ട്. ഈ സമയം ക്രീയാത്മകമായി ഉപയോഗിക്കാൻ സഹായിക്കുന്നതാണു പുതിയ സൌകര്യം. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രവർത്തക സമിതിക്കു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് നേതൃത്വം നൽകും.വീസ സംബന്ധിച്ച നിയമങ്ങൾ, സംവിധാനം, ഫീസ് തുടങ്ങിയവ സംബന്ധിച്ച് സമിതി നിർദ്ദേശം നൽകും. കഴിഞ്ഞ വർഷം യുഎഇ വിമാനത്താവളങ്ങളിലെത്തിയഎഴുപതുശതമാനം യാത്രക്കാരും ട്രാൻസിറ്റ് യാത്രക്കാരാണ്. ദുബായ് വിമാനത്താവളം വഴി ഒരു മാസം കടന്നുപോകുന്ന ശരാശരി യാത്രക്കാരുടെ എണ്ണം 45 ലക്ഷമാണ്.