ഒമാൻ ആരോഗ്യ മന്ത്രാലയം വാക്കത്തോൺ സംഘടിപ്പിച്ചു

ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒമാൻ ആരോഗ്യ മന്ത്രാലയം വാക്കത്തോൺ സംഘടിപ്പിച്ചു. ഖുറം നാഷണൽ പാർക്കിൽ നടന്ന കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. 

ലോകത്ത്‌ പക്ഷഘാത രോഗികളുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബോധവല്‍കരണ പരിപാടികളുമായി ഒമാൻ ആരോഗ്യ മാന്ത്രാലയം രംഗത്തെത്തിയത്. ടൈം ഈസ് ബ്രയിൻ എന്ന പ്രമേയത്തില്‍ നടന്ന കൂട്ടനടത്തം ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സുൽത്താൻ ബിൻ യാരൂബ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

ഇതോടനുബന്ധിച്ച് സൌജന്യമായി രക്തസമ്മർദം, പ്രമേഹം എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. റോയൽ ഒമാൻ ആശുപത്രിയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം വൈദ്യപരിശോധനയ്ക്ക് നേതൃത്വം നല്‍കി. രാജ്യത്തെ സ്വകാര്യ ആശുപത്രികളും ബോധവത്കരണ പരിപാടികളുമായി സഹകരിക്കുന്നുണ്ട്.