വേലക്കാരിയുടെ മൃതദേഹം ഫ്രീസറിൽ: മകനല്ല മരുമകളാണ് പ്രതിയെന്ന് അമ്മ

‘എന്റെ മകൻ ഒരു ഉറുമ്പിനെപ്പോലും നോവിക്കില്ല, അവനെ അറസ്റ്റ് ചെയ്തോ? വിശ്വസിക്കാനാവുന്നില്ല. അവനാരെയും കൊല്ലാൻ സാധിക്കില്ല. എല്ലാത്തിനും കാരണം ഭാര്യയാണ്. കുവൈത്തിലെ വീട്ടിൽ ചെന്നപ്പോൾ വീട്ടുജോലിക്കാരിയെ ക്രൂരമായി മരുമകൾ മർദിക്കുന്നത് കണ്ടിട്ടുണ്ട്. അവരെ ഇഷ്ടമല്ലെങ്കിൽ പറഞ്ഞുവിടൂ.. ഇങ്ങനെ ഉപദ്രവിക്കരുതെന്ന് പലതവണ പറഞ്ഞിരുന്നുതാണ്.’ 

കുവൈത്തിലെ ആളില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ കണ്ടെത്തിയ ഫിലിപ്പീൻ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി ചേര്‍ക്കപ്പെട്ട നാദിർ ഇഷാം അസാഫിന്റെ അമ്മ. മകൻ നിരപരാധിയാണെന്നാണ് ഇവരുടെ വാദം. നാൽപതുകാരനായ നാദിറിനെ സിറിയയിൽ നിന്നാണ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. 

ജോന്നയെന്ന വീട്ടുജോലിക്കാരിക്ക് ഭക്ഷണം നൽകുകയോ ശമ്പളം നൽകുകയോ ചെയ്തിരുന്നില്ലെന്ന് ഫിലിപ്പീനിലെ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ക്രൂരമായ മർദനമാണ് അവൾ നേരിടേണ്ടിവന്നത്. 10 മാസം മുൻപാണ് മകനെ നേരിൽ കണ്ടതെന്നും നാദിറിന്റെ മാതാവ് പറഞ്ഞു. ‘അവനെക്കുറിച്ച് ഒന്നും അറിയില്ല. ഒടുവിൽ കേട്ടത് സിറിയയിൽ ആണെന്നാണ്. മോണയുടെ സഹോദരനുമായി ബന്ധമുള്ള ഒരു യുവാവിനൊപ്പം ഞാൻ അവിടെ പോയിരുന്നു.

പക്ഷേ, നാദിറുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയാൻ സാധിച്ചിരുന്നില്ല. യുവാവിന് തന്റെ നമ്പർ നൽകി. നാദിറിന് അമ്മയെ കാണാൻ താൽപര്യമില്ലെന്നാണ് യുവാവ് വിളിച്ചുപറഞ്ഞത്. തന്റെ അഭ്യർഥനയെ തുടർന്ന് നാദിറിന്റെ നമ്പർ നൽകി. പൊലീസിൽ ഈ നമ്പർ നൽകി നാദിറിനെ വിളിച്ചു. നാദിർ മോശം സ്ഥലത്താണെന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. വലിയ എന്തോ സംഭവം ഉണ്ടാകാൻ പോകുന്നുവെന്ന് നാദിർ പറഞ്ഞു. എന്താണെന്ന് പറഞ്ഞില്ല. ഭാര്യ ഗർഭിണിയാണെന്നുമാണ് അവസാനം ലഭിച്ച വിവരം’–നാദിറിന്റെ മാതാവ് പറഞ്ഞു.

ലെബനീസ് സുരക്ഷാ, നിയമകാര്യ അധികൃതരാണ് നാദിറിനെ അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇയാളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ലെബനൻ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതര്‍ പുറത്തുവിട്ടില്ല. ജോന്നയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ ഉള്ളവാണ് ലെബനീസ് പൗരന്‍ നാദിർ ഇഷാം അസാഫും അദ്ദേഹത്തിന്റെ ഭാര്യയും സിറിയൻ പൗരയുമായ മോണ ഹാസൂണും. ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ സഹായം തേടിയിരുന്നു.

 

ഞെട്ടിപ്പിക്കുന്ന മരണം

2016 മുതൽ അടച്ചിട്ടിരുന്ന അപാർട്ട്മെന്റിലെ ഫ്രീസറിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ കുവൈത്ത് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു. 

കുവൈത്തിൽ ഫിലിപ്പീൻ ജോലിക്കാർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജീവനൊടുക്കിയതായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുതെർത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിർത്തിവച്ചിരുന്നു.