റാസൽഖൈമയിൽ ശുചീകരണ തൊഴിലാളി ബീച്ചിൽ മാലിന്യം ചൊരിഞ്ഞു; അന്വേഷണം– വിഡിയോ

റാസൽഖൈമ : ശുചീകരണ തൊഴിലാളി ബീച്ചിൽ മാലിന്യങ്ങൾ ചൊരിയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തൊഴിലാളിയെ ജോലിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം ആരംഭിച്ചതായി റാക് പബ്ലിക് സർവീസ് വിഭാഗം അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ഇയാൾക്കെതിരെ നിയമനടപടിയുണ്ടാകും.

ബീച്ചിൽ ശുചീകരണ പ്രവൃത്തി നടക്കേണ്ടതിന്റെ തലേന്നാണ് തൊഴിലാളിയുടെ ഭാഗത്ത് നിന്ന് അപൂർവമായ പ്രവർത്തനമുണ്ടായതെന്ന് ഡയറക്ടർ ജനറൽ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ഞെട്ടിക്കുന്ന പ്രവൃത്തിയാണെന്നാണ് അധികൃതർ സംഭവത്തെ വിലയിരുത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തൊഴിലാളിയുടെ പ്രവൃത്തി കണ്ട് മൊബൈലിൽ പകർത്തിയ ഒരാൾ അത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതും വൈറലായതും. പരിസ്ഥിതി സംരക്ഷണ–വികസന വിഭാഗവും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.