''മാണിക്യ മലർ'' അറബിക്കിൽ; തരംഗമാകാൻ ഗാനം യൂട്യൂബിൽ–വീഡിയോ

പി.എം.എ ജബ്ബാര്‍ കരൂപ്പടന്ന, കുന്നത്ത് മൊയ്തു

വിവാദ ഗാനം 'മാണിക്യമലരായ പൂവി' ഇനി അറബിക് ഭാഷയിലും. അധ്യാപകനും അറബിക് ഭാഷാ കവിയുമായ വാണിമേൽ കുന്നത്ത് മൊയ്തുവാണ് ഹിറ്റ് ഗാനം അറബിക് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത്. മികച്ച ഗായകൻ കൂടിയായ അദ്ദേഹവും വിദ്യാർഥിനിയും ചേർന്ന് പാടിയ ഗാനം യു ട്യുബിലൂടെ പുറത്തിറക്കുകയും ചെയ്തു. വാണിമേല്‍ ക്രസന്റ് ഹൈസ്കൂളിൽ നിന്നാണ് കുന്നത്ത് മൊയ്തു അറബിക് അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത്. അറിയപ്പെടുന്ന മാപ്പിളപ്പാട്ട് പരിശീലകനായ അദ്ദേഹം മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിൽ വിധി കർത്താവാകാറുണ്ട്.

ലോകമെമ്പാടും അലയടിക്കുന്ന മാണിക്യ മലരായ പൂവി എന്ന മാപ്പിളപ്പാട്ടിന്റെ രചയിതാവ് പി.എം.എ ജബ്ബാര്‍ കരൂപ്പടന്നയാണ്.   പതിനാറാം   വയസ്സിൽ  തുടങ്ങി   അഞ്ഞൂറിലേറെ   പാട്ടുകൾ  രചിച്ച  പ്രതിഭ  റിയാദിലെ  മലസിലുള്ള ബഖാല(ഗ്രോസറി)യിൽ ജീവനക്കാരനാണിപ്പോൾ. "ഒരു അഡാറ് ലൗ" എന്ന  സിനിമയിലൂടെ തന്റെ പാട്ട്  തരംഗം സൃഷ്ടിക്കുമ്പോഴും അദ്ദേഹം തന്റെ ജോലിയിൽ മുഴുകുന്നു.