ഗൾഫിൽ മലയാളികൾക്ക് ഭാഗ്യം തുടരുന്നു; ഇന്നടിച്ചത് ആറ് കോടി..!

ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ മലയാളികൾക്ക് ഭാഗ്യം തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (ഏതാണ്ട് 6,49,95,000 രൂപ) സമ്മാനം. കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുന്ന വ്യക്തിയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച ആറര കോടി രൂപയുടെ സമ്മാനം മലയാളിയെ തേടിയെത്തിയത്.

265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്. നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ഒാൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം പ്രബിനെ തേടി എത്തുകയും ചെയ്തു. നിലവിലുള്ള നെറ്റ്‍വർക്കിങ് ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് ഭാവിപരിപാടികൾ. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് പ്രബിൻ നന്ദിയും പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ തന്നെ സർപ്രൈസ് പ്രെമോഷൻ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ അഫ്സാൻ ജില്ല എന്ന വ്യക്തിക്ക് ബിഎംഡബ്യുവിന്റെ ആഡംബര മോട്ടോർബൈക്ക് ലഭിച്ചു. ദുബായിൽ അഡ്മിനിസ്ട്രേറ്റർ മാനേജരായി ജോലി ചെയ്യുന്ന അസ്ഫാന് ഭാഗ്യം കൊണ്ടുവന്നത് 329 സീരീസിലെ 0730 എന്ന നമ്പറാണ്. വളരെ സന്തോഷമുണ്ടെന്നും ഏറെക്കാലത്തെ ആഗ്രഹമാണ് സാധിച്ചതെന്നും അസ്ഫാൻ പ്രതികരിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ ആയിരുന്നു നറുക്കെടുപ്പ് നടന്നത്.