ബംഗ്ലദേശി തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് നിരോധിച്ചു

ബംഗ്ലദേശിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു. റിക്രൂട്ട്മെൻറിൽ വ്യാപകമായ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി. 

2007ലാണ് ബംഗ്ലദേശിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുവൈത്ത് ഭരണകൂടം നിരോധിച്ചത്. 2014ൽ നിരോധനം നീക്കിയതിനെ തുടർന്ന് വീണ്ടും ബംഗ്ലദേശുകാർ കുവൈത്തിൽ എത്തിത്തുടങ്ങിയിരുന്നു. 2016 സുരക്ഷാകാരണങ്ങളാൽ വീണ്ടും നിരോധം ഏർപ്പെടുത്തി. ഏതാനും മാസം മുൻപാണ് നിരോധനം നീക്കിയത്. എന്നാൽ നിരോധനം നീക്കിയ ശേഷം വൻതോതിൽ ബംഗ്ലദേശുകാർ കുവൈത്തിലേക്ക് എത്തിയതായി കണ്ടെത്തി. വീസക്കച്ചവടം ഉൾപ്പെടെ ക്രമക്കേടുകളിലൂടെയാണ് ആളുകൾ എത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും നിരോധനം കൊണ്ടുവരാൻ തീരുമാനിച്ചത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.