അബുദാബിയിൽ 6 വാഹനങ്ങൾ കൂട്ടിയിച്ച് അപകടം: ഒരാൾ മരിച്ചു; 5 പേർക്ക് പരുക്ക്

അബുദാബിയിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി മുസഫ പാലത്തിനു സമീപം രാത്രിയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും പരുക്കേറ്റവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 

ഒട്ടും സുരക്ഷിതമല്ലാതെ തിരക്കുപിടിച്ചുള്ള ഡ്രൈവിങ് രീതിയാണ് ഒരാളുടെ മരണത്തിനും അഞ്ചുപേരുടെ പരുക്കിനും  കാരണമായതെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ആക്‌സിഡെന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തലവൻ ലെഫ്റ്റനന്റ് കേണൽ ഡോ. മുസല്ലം അൽ ജുനൈബി അറിയിച്ചു. 

റോഡിലെ സ്പീഡ് ലിമിറ്റ് ഗൗനിക്കാതെ അമിതിവേഗത്തിലുള്ള സഞ്ചാരം, റോഡിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും മനസിലാക്കാതെയുള്ള ഡ്രൈവിങ്, മുൻപിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ തൊട്ടുരുമ്മിയുള്ള ഡ്രൈവിങ് എന്നിവയാണ് കൂട്ട വാഹനാപകടങ്ങൾക്കിടയാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. റോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ഏതു സാഹചര്യത്തിലും മുൻപിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.