കുവൈത്തില്‍ പൊതുമാപ്പ് കാലാവധി നീട്ടി

കുവൈത്തില്‍ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലാവധി ഏപ്രിൽ 22 വരെ നീട്ടി. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രണ്ടു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഒന്നര ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാര്‍ക്ക് ശിക്ഷാ നടപടിയില്ലാതെ രാജ്യം വിടുന്നതിനാണ് 25 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ മുപ്പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് ഇതുവരെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. ഇതേ തുടർന്നാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. അനധികൃതമായി താമസിക്കുന്ന മുപ്പതിനായിരത്തോളം ഇന്ത്യക്കാരില്‍ പതിനായിരത്തിൽ താഴെ ആളുകൾ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളൂവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസി ഇന്ത്യക്കാരെ സഹായിക്കാന്‍ ഇന്ത്യൻ എംബസിയും സന്നദ്ധ സംഘടനാ ഭാരവാഹികളും സജീവമായി രംഗത്തുണ്ട്. വർഷങ്ങളായി ഇഖാമയും  ജോലിയും ഇല്ലാത്ത നിരവധി പേർക്ക് താമസം നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഉള്ള സൌകര്യമാണ് പൊതുമാപ്പ് ഒരുക്കുന്നത്.  നിർധനര്‍ക്ക് സന്നദ്ധ സംഘടനകൾ വിമാന ടിക്കറ്റും നൽകുന്നുണ്ട്. നിയമലംഘകരായി രാജ്യത്ത് തുടരുന്നവര്‍ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.