എട്ടാമത് ഷാർജ ലൈറ്റ്സ് ഫെസ്റ്റിവലിന് സമാപനം

എട്ടാമത് ഷാർജ ലൈറ്റ്സ് ഫെസ്റ്റിവലിന് സമാപനം. പതിനൊന്നു ദിവസം നീണ്ടു നിന്ന പ്രകാശോൽസവം കാണാൻ പത്തുലക്ഷത്തിലധികം പേരെത്തിയതായാണ് കണക്കാക്കുന്നത്. 

ഷാർജയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു ലൈറ്റ്സ് ഫെസ്റ്റിവൽ. എമിറേറ്റിൻറെ വിവിധ ഭാഗങ്ങളിലായി 18 മന്ദിരങ്ങളാണ് ലൈറ്റ്സ് ഫെസ്റ്റിവലിൻറെ ഭാഗമായത്. ബുഹൈറ കോർണിഷ്, ഹാർട്ട് ഓഫ് ഷാർജ, യൂണിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിലായിരുന്നു പ്രഘധാന വർണവിന്യാസങ്ങൾ. വീഡിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓരോ കെട്ടിടങ്ങളിലും പ്രകാശവിന്യാസം ഒരുക്കിയത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലൈറ്റ് ഫെസ്റ്റിവലിലെ ഗ്രാഫിക് ഡിസൈനുകള്‍ക്ക് അവസാന രൂപം നല്‍കിയത്. ഷാർജയുടെ സാംസ്കാരിക പാരന്പര്യം എന്ന ആശയത്തിലൂന്നിയായിരുന്നു ഇത്തവണ ലൈറ്റ്സ് ഫെസ്റ്റിവൽ. സായിദ് വർഷാചരണത്തിൻറെ ഭാഗമായി രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പ്രദർശനങ്ങളായിരുന്നു ഇത്തവണത്തെ മറ്റൊരു ആകർഷണം.