ഇസ്‌ലാമിക പണ്ഡിതന്‍ എ.അബ്ദുസ്സലാം സുല്ലമി ഷാര്‍ജയില്‍ അന്തരിച്ചു

salamSullami
SHARE

ഷാര്‍ജ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ എ അബ്ദുസ്സലാം സുല്ലമി ഷാര്‍ജയില്‍   (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഹ്രസ്വസന്ദര്‍ശനാര്‍ഥം യുഎഇയില്‍  എത്തിയതായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മക്കളുടെ കൂടെ കഴിയവെയാണ് ഹൃദയാഘാതമുണ്ടായത്. വൃക്കയുടെ  പ്രവര്‍ത്തനം കൂടി തകരാറിലായതോടെ ആരോഗ്യനില  ഗുരുതരമാവുകയായിരുന്നു.

നാലു വാല്യങ്ങളിലായി 'ഖുര്‍ആനിന്‍റെ വെളിച്ചം' എന്ന  പേരില്‍  ഖുര്‍ആനു വ്യാഖ്യാനം എഴുതിയ സലാം സുല്ലമി, നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രവാചക വചനങ്ങളുടെ (ഹദീസ്) സമാഹാരമായ  ബുഖാരി, മുസ്‌ലിം ഗ്രന്ഥങ്ങള്‍ക്ക് പരിഭാഷയും വ്യഖ്യാനവും എഴുതിയ മലയാളിയായ ഹദീസ് പണ്ഡിതന്‍ കൂടിയാണ് സലാം സുല്ലമി.

'ഇസ്‌ലാമിക അനുഷ്ഠാനകര്‍മങ്ങള്‍, ഇസ്‌ലാം മൗലിക പഠനങ്ങള്‍, സംഗീതം നിഷിദ്ധമല്ല, ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍   എന്നിവ ശ്രദ്ധേയമായ കൃതികളാണ്. പുസ്തക രചനയില്‍ നൂറു തികച്ച സലാം സുല്ലമിയെ 2015 ല്‍ ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകമേളയില്‍  വച്ച് ആദരിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയായ  സുല്ലമി പ്രമുഖ പണ്ഡിതനായിരുന്ന എ അലവി മൗലവിയുടെ മകനാണ്.  അസ്മാബി ടീച്ചര്‍ ആണു ഭാര്യ. മുബീന്‍, മുനീബ, മുജീബ, മുഫീദ (എല്ലാവരും ഷാര്‍ജ) മക്കളാണ്. മരുമക്കള്‍:നജീബ് തിരൂര്‍ക്കാട്, ജുനൈദ് കൊടുങ്ങല്ലൂര്‍ , അനസ് പത്തപ്പിരിയം, റാനിയ മേലാറ്റൂര്‍.

എസ്ഡിപിഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എ സഈദ് , എം ജി എം സംസ്ഥാന നേതാവ് എ ജമീല ടീച്ചര്‍ , അബ്ദുള്ള നദവി, മുബാറക് മാസ്റ്റര്‍, മുജീബ് റഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍  സഹോദരങ്ങളാണ്.  ആശുപത്രി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍  അറിയിച്ചു.

MORE IN GULF
SHOW MORE