തൊഴിലാളികളുടെ നിയമനത്തിന് മുൻപ് വൈദഗ്ധ്യം ഉറപ്പുവരുത്തുമെന്ന് കുവൈത്ത്

വിദേശ തൊഴിലാളികളുടെ നിയമനത്തിന് മുൻപ് അവരുടെ വൈദഗ്ധ്യം ഉറപ്പുവരുത്തുമെന്ന് കുവൈത്ത്. തൊഴിൽ വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. 

30 വയസിൽ താഴയുള്ള ബിരുദധാരികളായ വിദേശികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനം ജൂലൈ ഒന്നിന് പ്രാവർത്തികമാക്കാനിരിക്കെയാണ് പുതിയ നീക്കം. വിദേശ തൊഴിലാളി ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കഴിവുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് തീരുമാനം. അതുവഴി നല്ല ഉദ്യോഗാർഥിക്ക് അവസരം ലഭിക്കുമെന്ന് മാത്രമല്ല രാജ്യത്തിനും മുതൽക്കൂട്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരിശോധനയ്ക്കായി രാജ്യാന്തര സ്ഥാപനങ്ങളുടെ സഹകരണം തേടും. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ എൻ‌ജിനീയർമാർക്ക് കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുമായി ചേർന്ന് ഔദ്യോഗിക പരീക്ഷകൾ നടത്തുന്നതിനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. 

നിലവിൽ ജോലി ചെയ്തുകൊണ്ടിരികുന്ന എൻ‌ജിനീയർമാരുടെ വൈദഗ്ധ്യം ഇതുവഴി പരിശോധിക്കും. സ്പെഷ്യൽ എജ്യുക്കേഷൻ സ്കൂൾ ജീവനക്കാരെയും അധ്യാപകരെയും അത്തരം പരിശോധനകളിലൂടെ നിയമിക്കും. നൂറോളം തസ്തികകളിൽ രാജ്യാന്തര നിലവാരമുള്ള പരീക്ഷകളിലൂടെ നിയമനം നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.